
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം മാറ്റാമെന്ന് തീരുമാനമായിട്ടുണ്ട്. എന്നാൽ ഉത്തരവ് പുറത്തിറങ്ങാത്തത് ടൂറിസ്റ്റ് ബസ് ഉടമകൾക്ക് പ്രതിസന്ധിയാകുന്നു. തീരുമാനം വന്നതോടെ നിരവധി ബസുകൾക്ക് വെള്ള നിറം മാറ്റി മറ്റു നിറങ്ങൾ അടിച്ചു. എന്നാൽ, ഉത്തരവ് വരാത്തതിനാൽ പിഴയടിക്കുമെന്നതിനാൽ നിറം മാറ്റിയ ബസുകൾ നിരത്തിലിറക്കാൻ സാധിക്കില്ല.
സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി സര്ക്കാരിന് നല്കിയ ശുപാര്ശയിലായിരുന്നു നിറം മാറ്റാനുള്ള സര്ക്കാര് തീരുമാനം. ഇതോടെ പുതുതായി പണിഞ്ഞിറക്കിയ നൂറ്റിയറുപതോളം ബസുകൾ നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അതേപോലെ വെള്ള നിറം മാറ്റിയ ബസുകളുടെ എണ്ണവും വളരെ കൂടുതലാണ്.
വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വെള്ള നിറം മാറ്റി മറ്റ് നിറങ്ങൾ നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള പുതിയ തീരുമാനം അതോറിറ്റി കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ നിറം മാറ്റം പൂർണ്ണമായി പ്രാബല്യത്തിൽ വരണമെങ്കിൽ നിലവിലുള്ള മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.







Comments