
നടി മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ ഉന്നയിക്കുന്ന വിചിത്രമായ ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ്. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണെന്നും അവരുടെ ജീവന് ഭീഷണിയുണ്ടെന്നുമാണ് സനൽകുമാറിന്റെ പ്രധാന വാദം. ഇപ്പോഴിതാ മഞ്ജു വാര്യര്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി പങ്കുവെച്ച വാക്കുകളാണിപ്പോള് ശ്രദ്ധ നേടുന്നത്.
'' ഒരു മാഫിയക്കും തടവിൽ പിടിക്കാനാവില്ല. ഒരു ടോക്സിക് ബന്ധത്തിലും കുടങ്ങിക്കിടക്കില്ല. ലോകത്തിൻ്റെ നെറുകയിൽത്തന്നെ ഒരു പൊൻതിടമ്പായി സ്വയം ഏറ്റിവെക്കാനറിയാം. ഒരു ദുർബ്ബലരക്ഷകൻ്റെയും സഹായമാവശ്യപ്പെടില്ല. ഒരപവാദച്ചുഴിയിലും കിടന്ന് നട്ടം തിരിയില്ല. ഏതു പിടിയിൽ നിന്നും പുഴമീനെ പോലെ വഴുതി മാറി സ്വയം രക്ഷിക്കാനറിയാം.
മേൽ വന്നു വീഴുന്ന മാലിന്യങ്ങളെ കുടഞ്ഞെറിഞ്ഞ് പിന്നേം പറക്കുന്ന പെണ്ണുങ്ങൾക്ക് അതിന് കഴിവില്ലാത്തവരോട് വലിയ ദയ ഉണ്ട്. സഹതാപമുണ്ട്. കരുണയുണ്ട്. അതുകൊണ്ടാണ് ഒന്നിനും മറുപടി പറയാത്തത്.
മഞ്ജുവാര്യർ പാലിക്കുന്ന മൗനവും സമചിത്തതയും സ്വയം സ്നേഹിക്കാനും സ്വന്തം കഴിവിൽ വിശ്വസിക്കാനുമറിയുന്ന ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്. ലോകത്തിൻ്റെ പിന്തുണ കണ്ടല്ലല്ലോ അവൾ സ്വന്തം ചിറകിൻ്റെ ശക്തിയിൽ വിശ്വസിച്ച് പറക്കാൻ തീരുമാനിച്ചത്. അവർ ഒരു പ്രേരണയാണ് '' .- ശാരദക്കുട്ടി കുറിച്ചു.
സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾ മഞ്ജുവിന്റെ കുടുംബം തള്ളിക്കളയുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ നടത്തിയ പ്രതികരണം ചർച്ചയായിരുന്നു. സനൽകുമാറിന്റെ വാദങ്ങളെ തികച്ചും പരിഹസിച്ചുകൊണ്ടായിരുന്നു മധു വാര്യരുടെ സോഷ്യൽ മീഡിയ കുറിപ്പ്.
അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി.
അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു. മഞ്ജു പുതിയതായി വാങ്ങിയ ഡ്രെസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.
അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും-മധു വാര്യരുടെ കുറിപ്പിങ്ങനെ.







Comments