
കഴിഞ്ഞ കുറച്ചു നാളുകളായി മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരുമായി ബന്ധപ്പെട്ട വാര്ത്തകളിലൂടെയാണ് സംവിധായകന് സനല്കുമാര് ശശിധരന് വിവാദങ്ങളില് നിറയുന്നത്. കയറ്റം എന്ന സനല്കുമാർ ശശിധരൻ ചിത്രത്തില് മഞ്ജു വാര്യർ നായികയായി അഭിനയിച്ചിട്ടുണ്ട്. അതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് സനല്കുമാർ ശശിധരൻ ഉന്നയിക്കുന്നത്. താരവുമായി ബന്ധപ്പെടുത്തി വിചിത്രമായ ആരോപണങ്ങള് സംവിധായകന് ഉന്നയിച്ചുവെങ്കിലും മഞ്ജു വാര്യരോ കുടുംബമോ വിഷയത്തില് പ്രതികരിച്ചിരുന്നില്ല.
ഇക്കഴിഞ്ഞ ദിവസം മുതല് സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിഷയത്തില് സെക്രട്ടേറിയറ്റിന് മുന്നില് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു. താൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ നടപടി എടുക്കാത്തതിനാലാണ് സത്യാഗ്രഹമെന്നാണ് സനല്കുമാര് പറയുന്നത്. അക്കൂട്ടത്തില് ഒന്നായിരുന്നു മലയാളത്തിലെ സൂപ്പർതാരം മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നുള്ളതുമായ ആവശ്യം.
ഇപ്പോഴിതാ മൗനങ്ങള് ലംഘിച്ചു കൊണ്ട് ആദ്യമായി സനല് കുമാർ ശശിധരന്റെ ആരോപണങ്ങളെ ട്രോളുകയാണ് മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ. വളരെ സർക്കാസ്റ്റിക്കായ ഒരു കുറിപ്പ് പങ്കുവച്ചാണ് മധുവിന്റെ പ്രതികരണം. തോക്കിൻ മുനയില് ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മയും താനും ഭാര്യയും മകളും എല്ലാം ഞെട്ടിയെന്നും തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ലെന്നും മധു വാര്യർ കുറിച്ചു.
‘‘അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവില് കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവില് പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോയെന്ന് പേടിച്ച്. അവരെ കടിച്ച് കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി.
അവിടെ ചെന്നപ്പോള് തോക്കിൻ മുനയില് ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി. ബാല്ക്കണിയില് ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടല് രേഖപ്പെടുത്തി. അങ്ങനെ ഞെട്ടല് മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങള് ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു.
മഞ്ജു പുതിയതായി വാങ്ങിയ ഡ്രെസ്സുകള് എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവില് ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസിലായി.
അത് കഴിഞ്ഞ് ഗണ് പോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേണ്ഡ് ഗാർലിക് ഫ്രൈഡ് റൈസും നൂഡില്സും, ഹണി ഗ്ലേസ്ഡ് ചിക്കനും സാള്ട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവില് കഴിയാൻ പോകുകയാണ് പോലും. അപ്പോള് ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻ മുനയിലായിരിക്കും...’’ എന്നാണ് മധു വാര്യര് കുറിച്ചത്. തന്റെ കുടുംബത്തിനും അമ്മയ്ക്കുമൊപ്പമിരിക്കുന്ന മഞ്ജുവിന്റെ ചിത്രം പങ്കിട്ടായിരുന്നു മധു വാര്യരുടെ പോസ്റ്റ്. മധുവിന്റെ സരസമായ പ്രതികരണ കുറിപ്പ് വായിച്ച് മഞ്ജുവിനും ചിരിപൊട്ടി. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് കമന്റായി താരം പോസ്റ്റ് ചെയ്തത്.







Comments