
ഉര്വശി പ്രധാന വേഷത്തിലെത്തിയ ചിത്രം ' ആശ'യെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഉര്വ്വശി എന്ന നടി ഒറ്റക്ക് തോളിലേറ്റിയ സിനിമ. ഉര്വ്വശിയുടെ ആശ. എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കില് കുറിച്ചത്. പല തലങ്ങളില് ചര്ച്ചകള് നടക്കേണ്ട ചിത്രമാണിതെന്നും ശാരദക്കുട്ടി പറയുന്നു.
'' മാനസികവിഭ്രാന്തിയിൽ പെട്ടു പോകുന്ന മനുഷ്യർ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് , ഏതൊക്കെ കോമാളി വേഷം കെട്ടുമെന്ന്, എത്രമാത്രം ക്രൂരരും നിർദ്ദയരും ആയി പെരുമാറുമെന്ന് സമൂഹം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ആശ റിലീസാകുന്നത്.
ഒരാൾ ഒരു ദിവസം പെട്ടെന്നൊരു ഭ്രാന്തിയോ കൊലപാതകിയോ ആയിത്തീരുന്നതെങ്ങനെയാണ്? രണ്ടു കൂട്ടുകാരികളെ ഒറ്റ നിമിഷം കൊണ്ടു കൊന്നു കളഞ്ഞ അനില എന്ന പെൺകുട്ടിയെ കുറിച്ച് വാർത്ത വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ആരോഗ്യകരമായ ചർച്ച ആവശ്യപ്പെടുന്ന ഒരു വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.
ഒരു കഥപാത്രവും ചിരിക്കാത്ത ഒരു സിനിമ ഞാനാദ്യം കാണുകയാണ്. ഒരു വ്യക്തി ഉണ്ടാക്കുന്ന സംഘർഷങ്ങളുടെ പകപ്പ് മറ്റെല്ലാവരിലേക്കും പടരുകയാണ്. എന്താണ് ഈ സ്ത്രീക്ക് എന്നൊരന്ധാളിപ്പാണ് പ്രേക്ഷകരിലേക്കും സംക്രമിക്കുന്നത്. അതാണ് ഉർവ്വശിയുടെ ആശ.
സദാ കുപിതയും ഭ്രാന്തെടുത്തുഴറുന്ന വളുമാണ് ആശ . എത്രമാത്രം താറുമാറാക്കപ്പെട്ടിരിക്കുന്നു തന്റെ വീടെന്ന് അവരറിയുന്നതേയില്ല.ഇവർ സൃഷ്ടിക്കുന്ന ഈ വിഷമവൃത്തത്തിൽ നിന്നു മറ്റുള്ളവർക്കു പുറത്തു കടക്കാനാകുന്നില്ല.
ഒരു വീടിൻ്റെ മുഴുവൻ പ്രശ്നങ്ങളും താൻ തോളിൽ ചുമന്നാൽ മാത്രമേ ശരിയാകുകയുള്ളു എന്ന് ശഠിക്കുന്ന അനേകായിരം സ്ത്രീകളിലൊരുവളാണ് ആശ. അതിൻ്റെ ഭാരമാണ് ഈ ചിത്രം. ഉർവ്വശി എന്ന നടി ഒറ്റക്ക് തോളിലേറ്റിയ സിനിമ. ഉർവ്വശിയുടെ ആശ. ആശയെന്ന സ്ത്രീയുടെ ശാഠ്യങ്ങൾ കഠിനമാണ്. അതിന്റെ വൈകാരികമായ അടിയൊഴുക്കുകൾ ഒരേ സമയം ക്രൂരവും ദയനീയവുമാണ്. താനെന്തിലേക്കൊക്കെ പോകുമെന്നോ എന്തൊക്കെ ചെയ്തു കൂട്ടുമെന്നോ തനിക്ക് തന്നെ അറിയില്ലെന്ന് ജോജു (ജീമോൻ)വിൻ്റെ മുന്നിലിരുന്ന് കരയുന്നുണ്ടവർ.
ഇങ്ങനെ ശിലപോലെയിരുന്ന് കരയുന്നതെങ്ങനെ എന്നത്ഭുതപ്പെടുത്തുന്ന ഒരു തരം മരവിപ്പാണവരുടെ ഉടൽഭാഷയിലാകെ ഘനീഭവിക്കുന്നത്. 'എന്നെ ഒന്നു മനസ്സിലാക്കൂ' എന്ന് പറയുന്ന സമയത്തെ ആ മുഖത്തെ നിസ്സഹായതയും കാഠിന്യവും ഉർവ്വശിക്കല്ലാതെ മറ്റൊരാൾക്കും ഇത്രക്ക് അനുഭവിപ്പിക്കാൻ കഴിയില്ല. അമിത സമ്മർദ്ദത്തിൽ പെട്ട് സങ്കടപ്പെടുന്ന മനുഷ്യൻ്റെ വിരൽത്തുമ്പു മുതൽ കൺപീലികൾ വരെ എങ്ങനെയൊക്കെ പ്രവർത്തിക്കുമെന്ന് ഉർവ്വശിയെ നോക്കിയിരുന്ന് കാണുക. അതെ, നാം മനസ്സിലാക്കേണ്ടതുണ്ട് പലരെയും പലതിനെയും.
ആശയുടെ ഭീതികൾ ഭർത്താവില്ലാതെ വീടൊറ്റക്ക് ചുമക്കുന്ന സ്ത്രീയുടേതെന്ന് ലളിതവത്കരിക്കുന്നത് തെറ്റാണ്. ആൺതുണയില്ലാത്തവളെന്ന ദുർബ്ബലതയൊന്നും ആശയുടെ നടപ്പിലും നോക്കിലുമില്ല. എല്ലാം തനിയെ ചെയ്യണമെന്ന വാശി, മക്കളോടുള്ള ഭ്രാന്തിലെത്തിക്കുന്ന തരം കരുതൽ ഇതൊക്കെയാണവരുടെ പ്രശ്നം.ഏതു സ്വേച്ഛാധിപതിക്കും ഉണ്ടാകും നിർദ്ദയമായ മറ്റു ചില പൂർവ്വകാല അടിച്ചേല്പിക്കലുകളുടെ സ്മരണകളും തിക്താനുഭവങ്ങളും അതിൽ നിന്നുണ്ടാകുന്ന സ്വയം ന്യായീകരണങ്ങളും. താനൊരു പ്രശ്നമാണെന്നവർക്കറിയാം. പക്ഷേ അതാരുടെ മുന്നിലും സമ്മതിച്ചു കൊടുക്കാതെ അവർ സ്വയം രക്ഷപ്പെടുന്നതിൻ്റെ ആയാസമൊക്കെ ഉർവ്വശി എത്ര അനായാസമായി ആവിഷ്കരിക്കുന്നു !!
ഒരിക്കൽ കൂടി ഒരാൺതുണ ഉണ്ടാക്കാനവർക്ക് തീരെ താത്പര്യമില്ലെന്ന് വിജയരാഘവൻ്റെ 'ഒരു പേഴ്സനൽ' കാര്യം പറയാനുണ്ടെന്ന ആവശ്യത്തോടെടുക്കുന്ന ഒഴിഞ്ഞുമാറലിൽ പ്രകടമാണ്. മകൾക്കാണ് അമ്മയെ കല്യാണം കഴിപ്പിക്കണമെന്ന ആഗ്രഹം തോന്നുന്നത്. മകളാണ് അമ്മക്ക് വേണ്ടി അത്തരമൊരാവശ്യം വിജയരാഘവനു മുന്നിൽ വെക്കുന്നത്. അമ്മയുമൊത്തുള്ള ഈ വീട്ടിലെ ജീവിതം എത്ര ദുസ്സഹമാണെന്ന് മകൾ ആവർത്തിക്കുന്നുണ്ട്. അമ്മയുടെ സന്തോഷമോ സ്വാതന്ത്ര്യമോ അല്ല, വീട്ടിലുള്ള മറ്റുള്ളവരെ കൊണ്ട് തന്റെ തല തിരിഞ്ഞ നിലപാടുകൾ അംഗീകരിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെ മറ്റൊരാളെ ഏൽപ്പിച്ച് രക്ഷപ്പെടാനാണ് ആ മകൾ ആഗ്രഹിക്കുന്നത്. മധ്യവയസ്സിനു ശേഷം മറ്റൊരു വിവാഹത്തെ കുറിച്ചു ചിന്തിക്കാൻ അസുഖകരമായ മുൻകാലാനുഭവങ്ങളുള്ള സ്ത്രീകൾ പൊതുവേ തയ്യാറാകില്ല. ആശയും വ്യത്യസ്തയല്ല.
തങ്ങളുടെ തുടർച്ചയോ നിഴലോ മുറിച്ചു മാറ്റാനാകാത്ത തങ്ങളുടെ ഒരവയവമോ എന്ന മട്ടിൽ പെണ്മക്കളെ തങ്ങളോട് തുന്നിച്ചേർത്തുവെയ്ക്കുന്ന ഒരമ്മയാണ് ആശ. മകൾക്കും അമ്മക്കും ഇടയിലെ ഒരിക്കലും തീരാത്ത സംഘർഷങ്ങളെക്കുറിച്ച് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. പല തലങ്ങളിൽ ചർച്ചകൾ നടക്കേണ്ട ഒരു ചിത്രമാണിത്. സംഘർഷഭരിതമാകുന്ന അമ്മ - മകൾ ബന്ധം അതിലൊന്നാണ്. സിനിമകൾ പൊതുവേ അമ്മ- മകൻ , അഛൻ-മകൻ സംഘർഷങ്ങളെയാണ് താലോലിച്ചു നിൽക്കുക. ഓരോ പെൺകുട്ടിയും അമ്മയുമായുള്ള ശ്വാസം മുട്ടിക്കുന്ന ബന്ധത്തിൽ നിന്നുള്ള വിടുതലാഗ്രഹിച്ചു പോകുന്ന സാഹചര്യങ്ങളെ ചിത്രം ഗൗരവമായി ഓർമ്മിപ്പിക്കുന്നുണ്ട്. ഗാർഹികഭാരങ്ങൾ വഹിക്കേണ്ടവരായി മാത്രം നില നിൽക്കാൻ സ്ത്രീകൾ നിർബന്ധിതരായിത്തീരുന്ന ഒരു സമൂഹത്തിൽ ഏതൊക്കെത്തരം മാനസിക വൈകല്യങ്ങൾക്ക് അവർ അടിമകളായിത്തീരും, എന്തെല്ലാം മടുപ്പുകളിലൂടെയായിരിക്കും അവർ കടന്നു പോവുക!
ഒറ്റക്കാവുന്ന സ്ത്രീയുടെ മുരടിപ്പൊക്കെ ലൈംഗിക മുരടിപ്പാണെന്ന അറപ്പുളവാക്കുന്ന സാമൂഹിക കാഴ്ചപ്പാടിനെ ആശയുടെ ഒറ്റയാൾ നടത്തം ചോദ്യം ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവിൽ ജീമോനോടുള്ള വാത്സല്യവും കരുതലും കണ്ട് പ്രേക്ഷകരുടെ മനസ്സലിയുന്ന നിമിഷത്തിലാണ് ആശ അവൻ്റെ കാര്യത്തിലൊരു തീരുമാനത്തിലെത്തുന്നതും. അത് തിരിച്ചറിയുന്ന ജീമോൻ്റെ ഒപ്പം പ്രേക്ഷകരുടെ കണ്ണും തള്ളിപ്പോകുന്നുണ്ട്. 'മാറിലമ്മിഞ്ഞയും കയ്യിൽ കൊടും കൊല വാളുമെഴുന്നൊരു മൂർത്തി' എന്ന് ആശയെ കുറിച്ച് തോന്നിപ്പോയി. ഉന്മത്തതയുടെ പാരമ്യം!
ജീമോൻ്റെ അവസാനരംഗങ്ങളിലെ സംഭാഷണം കൃത്യമായി ആ സത്യത്തെ വിശകലനം ചെയ്യുന്നുണ്ട്. കാണുന്നവർ അത് ശ്രദ്ധിക്കാതെ പോവില്ല. ഉള്ളിലെടുക്കാതെയും പോവില്ല. ജോജുവിൻ്റെ പ്രകടനവും ഏറ്റവും മികച്ചതാണ്.
ചിത്രത്തിൻ്റെ തുടക്കം മുതൽ വിടാതെ ആകർഷിച്ച ഒരു ഘടകം ക്യാമറ തന്നെയാണ്. അതിമനോഹരമെന്ന് കയ്യടിച്ചു പോയ തുടക്ക ദൃശ്യവും, മറിഞ്ഞു കിടക്കുന്ന പിക്കപ്പ് വാനിലേക്ക് പ്രേക്ഷകരെ ഓടിച്ചെന്നിട്ടെന്നവണ്ണം എത്തിക്കുന്ന അവസാന ദൃശ്യവും എടുത്തു പറയേണ്ടതുണ്ട്. പാട്ടുശിൽപികൾ മുതൽ സംവിധായകൻ വരെ ഓരോരുത്തരും അഭിനന്ദനമർഹിക്കുന്നു. കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ഗൗരവം ചോർന്നു പോകാതെ കാഴ്ചപ്പെടുത്തിയിട്ടുണ്ട്. സഫർ സനൽ ഉറപ്പായും മലയാള സിനിമക്ക് ഒരുറപ്പാണ്.’’ - ശാരദക്കുട്ടിയുടെ കുറിപ്പ്.







Comments