
വലിയ താരമൂല്യവുമായി ഒരുകാലത്ത് തെന്നിന്ത്യയില് തിളങ്ങി നിന്നിരുന്ന താരസഹോദരിമാരാണ് അംബികയും രാധയും. അംബികയാണ് ആദ്യം സിനിമാ രംഗത്തേക്ക് വന്നത്. പിന്നാലെ രാധയുമെത്തി.അംബിക ഇന്നും അഭിനയ രംഗത്ത് സാന്നിധ്യം അറിയിക്കുന്നുണ്ട്. രാധ ടെലിവിഷൻ ഷോകളില് ജഡ്ജായി സാന്നിധ്യം അറിയിക്കുന്നു. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ഈ സഹോദരിമാര്ക്കിടയില് പ്രശ്നങ്ങളുണ്ടെന്ന് ആരാധകര് അറിഞ്ഞത് ഇക്കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്ത്തകളിലൂടെയാണ്.അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ചൻ നായർക്കുമെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രാധ എത്തിയപ്പോള് അക്ഷരാര്ത്ഥത്തില് ആരാധകര് ഞെട്ടി. വീട്ടിൽ സൂക്ഷിച്ചിരുന്ന ചെക്കുകൾ കൈക്കലാക്കി ഇരുവരും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. താൻ ചെന്നൈയിൽ ഇല്ലാതിരുന്ന തക്കം നോക്കിയാണ് ഇരുവരും ചേർന്ന് ചെക്കുകൾ കൈക്കലാക്കിയതെന്നാണ് പരാതി.
ഇപ്പോഴിതാ പരാതി കൊടുത്ത ശേഷം ആദ്യമായി മാധ്യമങ്ങള്ക്ക് മുന്നിലെത്തി പ്രശ്നങ്ങള് വിശദീകരിച്ച് വിതുമ്പുകയാണ് രാധ.
‘‘എന്റെ സഹോദരിക്കൊപ്പം എന്റെ ഇളയ സഹോദരൻ മല്ലികാർജുനും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ചേച്ചി അംബികയുടെ പേരിലാണ് ചെക്കുകൾ നിക്ഷേപിച്ചത്. അവർ ചെക്കുകൾ പൂരിപ്പിച്ച് കൈവശം വെച്ചിരിക്കുകയാണ്. വിശ്വാസത്തിന്റെ പുറത്താണ് ചെക്കുകൾ ഉൾപ്പെടെയുള്ള തന്റെ സാധനങ്ങൾ വലാസരവാക്കത്തെ വീട്ടിൽ സൂക്ഷിച്ചിരുന്നത്. കുടുംബത്തെയല്ലാതെ പിന്നെ ആരെയാണ് നമ്മൾ വിശ്വസിക്കുക?. ചേച്ചിയെ അല്ലാതെ വേറെ ആരെ വിശ്വസിക്കാനാണ്. അങ്ങനെ അവിടെ വെച്ച് പോയ ചെക്കാണ്. അതാണ് കെെക്കലാക്കിയത്. ചേച്ചി ഫോണ് എടുക്കില്ല.
മുംബൈയിലും കേരളത്തിലുമായി ബിസിനസ്സ് കൈകാര്യം ചെയ്യുന്നതിനാൽ, ദൈനംദിന പ്രവർത്തനങ്ങൾക്കായി ഒപ്പിട്ട ചെക്കുകൾ പലപ്പോഴും കൈവശം വെക്കാറുണ്ട്. എസ്എംഎസ് അലേർട്ട് വന്നപ്പോഴാണ് ഞാനറിഞ്ഞത്. ഉടനെ പേയ്മെന്റ് തടഞ്ഞു.
2006 ല് സ്വത്ത് വീതം വെച്ചതാണ്. സ്വത്ത് ഭാഗം വെച്ചപ്പോൾ എന്റെ സഹോദരിക്ക് ഒരു വലിയ കെട്ടിടമാണ് ലഭിച്ചത്. എനിക്ക് ലഭിച്ച ഈ വസ്തു ‘ആർആർ ഗാർഡൻസ്’ എന്ന പേരിൽ ഞാൻ വികസിപ്പിച്ച് കൊണ്ട് വന്നതാണ്. എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലുള്ള ബിസിനസ് സംരഭത്തിന് വേണ്ടി ഐഡിബിഐയുടെ കറന്റ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം, മറ്റ് ബില്ലുകള് എന്നിവയ്ക്കെല്ലാമായി കുറച്ച് ബില്ലുകള് ഒപ്പിട്ട് റൂമില് വെച്ചതായിരുന്നു. യാത്ര പോകുന്നതിനാലാണ് ഒപ്പിട്ട് വെച്ചത്. 2025 ല് ബിസിനസിന്റെ പേര് ആർആർ ഗാർഡൻ എന്ന് മാറ്റി. അതിന് ശേഷം പുതിയ ചെക്ക് ബുക്കാണ് ഉപയോഗിച്ചത്. പഴയ ചെക്കിനെക്കുറിച്ച് മറന്നു. എന്നാല് സെപ്റ്റംബർ 17 ന് പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കില് നിന്ന് മെസേജ് വന്നു. പഴയ അഞ്ച് ചെക്കുകളാണ് ബാങ്കിലെത്തിയത്. അംബികയാണ് പണം പിൻവലിക്കുന്നത്. ഉടനെ പേയ്മെന്റ് നിർത്താൻ ബാങ്കിനെ അറിയിച്ചു. അനിയനായ മല്ലികാർജുനയാണ് ചെക്കുകള് ഫില് ചെയ്തത്. രണ്ട് പേരുമാണ് ഇതിന് പിന്നില്. ഞാനില്ലാത്ത സമയത്ത് റൂമില് നിന്ന് കെെക്കലാക്കിയ ചെക്കുകളാണിത്...ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അധികൃതർക്ക് കൈമാറി. ഈ വിഷയത്തിൽ സഹോദരങ്ങളുമായി നേരിട്ട് സംസാരിച്ചിട്ടില്ല. ഞാൻ പരാതി നൽകിയിട്ടുണ്ട്. പോലീസ് ഇക്കാര്യം അന്വേഷിച്ച്, ആരാണ് അത് എടുത്ത് നിക്ഷേപിച്ചതെന്ന് കണ്ടെത്തും...’’ എന്നാണ് രാധ പറഞ്ഞത്. സംസാരിക്കുന്നതിനിടയില് വിതുമ്പിപ്പോകുന്ന രാധയെയും വീഡിയോയില് കാണാം. ചെക്ക് കേസിന് പുറമെ തനിക്കവകാശമുള്ള പ്രോപ്പർട്ടിയിലേക്ക് കടക്കാൻ അംബികയും മല്ലികാർജുനയും തന്നെ അനുവദിക്കുന്നില്ലെന്നും രാധ ആരോപിക്കുന്നുണ്ട്. ആഭരണങ്ങളും പ്രോപ്പർട്ടി രേഖകളും അവിടെയാണുള്ളതെന്നും ഇവർക്കെതിരെ ക്രിമിനല് ആക്ഷനെടുക്കണമെന്നും രാധ പരാതിയില് ആവശ്യപ്പെടുന്നുണ്ട്.







Comments