
പാർവതി തിരുവോത്ത് ആദ്യമായി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയറ്ററുകളിലെത്തും മുമ്പു തന്നെ പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. പാര്വതി സിവില് പോലീസ് ഓഫീസറായി വേഷമിട്ട ഈ ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ഇപ്പോൾ 25 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ അണിയറപ്രവര്ത്തകര് പുറത്തുവിട്ട ഈ ചിത്രത്തിന്റെ പുതിയ സ്നീക്ക് പീക്ക് വീഡിയോയാണ് സോഷ്യല് മീഡിയയില് തരംഗമാകുന്നത്. സ്റ്റേഷനിൽ ആൺപൊലീസുകാർ ഒന്നുമില്ലേ എന്ന പരിഹാസ ചോദ്യം ഉന്നയിച്ച മദ്യപനെ കൂജ കൊണ്ട് തലയ്ക്കടിക്കുന്ന രംഗമുള്പ്പെടുത്തിയ വീഡിയോയാണ് സോഷ്യല് മീഡിയയിലൂടെ ആരാധകര് ഏറ്റെടുക്കുന്നത്. പോലീസ് സ്റ്റേഷനില് നടക്കുന്ന രംഗത്തില് ഗാര്ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലാണ് കാണിക്കുന്നത്. ചോദ്യം ചെയ്യലിനിടെ ക്ഷമ നശിച്ച് പരാതിക്കാരിയുടെ ഭര്ത്താവിന്റെ കഥാപാത്രമായ ദിനേശ് പ്രഭാകറിന്റെ തലയിലാണ് പാര്വതിയുടെ കഥാപാത്രം വെള്ളം നിറഞ്ഞ കൂജ അടിച്ചുടയ്ക്കുന്നത്. ഇതു കാണുന്ന സഹപ്രവര്ത്തകര് ഞെട്ടലോടെ നോക്കുന്നതുമാണ് രംഗത്തിലുള്ളത്. കഥാഗതിയില് നിണായക വഴിത്തിരിവിലേക്ക് നയിക്കുന്നതാണ് ഈ കഥാപാത്രത്തിന്റെ സാന്നിധ്യമെന്നുള്ളതാണ് ഈ രംഗത്തിന്റെ പ്രത്യേകത.
സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ ത്രില്ലറുകളിലൊന്നായി മാറുകയാണ് ഷഹദ് സംവിധാനം ചെയ്ത ഈ ഒരു ക്രൈം ത്രില്ലര്. ഒരു പൊലീസ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ കഥ മാത്രമല്ല ചിത്രം പറയുന്നത്. യാദൃശ്ചികമായി നടക്കുന്ന ഒരു കുറ്റകൃത്യത്തില് പെട്ടുപോകുന്ന ഒരു കൂട്ടം സാധാരണക്കാരായ പോലീസുകാരും, ആ സത്യം മൂടിവെക്കാന് അവര് നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം. പോലീസ് ഉദ്യോഗസ്ഥനായ പി.എസ്. സുബ്രഹ്മണ്യനും വിജേഷ് തോട്ടുംഗലും ചേര്ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
പാര്വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില് വിജയരാഘവന്, മാത്യു തോമസ്, സിദ്ധാര്ഥ് ഭരതന്, ഉണ്ണിമായ പ്രസാദ്, അസീസ് നെടുമങ്ങാട്, വിനയ് ഫോര്ട്ട്, രാധാകൃഷ്ണന് പാര്ഥിപന് തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്.







Comments