
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സർക്കാരിന്റെയും നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതിയെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്.
‘എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാം എന്നതിന്റെ മാതൃകയാണ് നരേന്ദ്ര മോദി സർക്കാർ. സുപ്രീംകോടതി നിർദേശം സർക്കാർ കാറ്റിൽ പറത്തി. ഗ്യാനേഷ് കുമാർ ബിജെപിയിൽ ചേരുന്നതായിരുന്നു ഭേദം’, ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എം.എ. ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്ന സമിതിയാണ് രൂപീകരിച്ചതെന്ന് ബേബി ചൂണ്ടിക്കാട്ടി. ഇതോടെ സമിതിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാരിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ തുടർച്ചയായാണ് നിലവിലെ സാഹചര്യം ഉണ്ടായതെന്നും പാർലമെന്റിലെ ഭൂരിപക്ഷം സർക്കാർ ദുരുപയോഗം ചെയ്തെന്നും ബേബി ആരോപിച്ചു. സുപ്രീംകോടതിയുടെ നിർദേശം അവഗണിച്ചാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങൾ അസഹനീയമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയെന്നും വിവരങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ബേബി പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് ലേഖിക ഹൃതിക ചോപ്രയെയും സഹായിച്ചവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പൂർണമായി നശിച്ചിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും വിഷയത്തിൽ ജനാധിപത്യപരമായ ബഹുജന സമരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും ബേബി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്.
സിപിഎം, സിപിഐ, സിപിഐഎംഎൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ പാർട്ടികൾ ചേർന്നാണ് ഈ നിലപാട് സ്വീകരിച്ചതെന്നും ഇന്ത്യാ ബ്ലോക്കിനും അതിന് പുറത്തുള്ള പ്രതിപക്ഷ പാർട്ടികൾക്കും യോജിച്ച് പ്രക്ഷോഭരംഗത്തേക്ക് വരണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.







Comments