
സിനിമാ റിവ്യൂകളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനും, അതേസമയം തന്നെ വിവിധ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയുമാണ് യൂട്യൂബർ അശ്വന്ത് കോക്ക്. റിവ്യൂകളിൽ അദ്ദേഹം ഉപയോഗിക്കുന്ന ഭാഷയ്ക്കെതിരെ സിനിമാ മേഖലയിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിന് അശ്വന്ത് പിടിയിലാകുന്നത്.
കോഴിക്കോട് നടക്കാവിൽ വച്ചായിരുന്നു സംഭവം. അശ്വന്ത് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന സ്കൂട്ടറിലും കാറിലും ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളുമാണ് അശ്വന്ത് കോക്കിനെതിരെ ഉയരുന്നത്.
ഇപ്പോഴിതാ അശ്വന്തിനെ പരോക്ഷമായി പരിഹസിക്കുന്ന കേരളാ പോലീസിന്റെ പോസ്റ്റ് വൈറലാവുകയാണ്. സിനിമയുടെ റിവ്യു പോലെ, മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ തയ്യാറാക്കിയ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കേരള പോലീസ് പങ്കുവെച്ച പോസ്റ്റ് :
‘‘ഫസ്റ്റ് ഹാഫില് ഫുള് സ്പീഡ്.
സെക്കന്ഡ് ഹാഫില് ഫൈനും കേസും.
Rating: 0/10
പടം വന് പരാജയം!
മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവന് മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാല് ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ’’.







Comments