
തിരുവനന്തപുരം: അധികാരത്തില് വന്ന് നാലു മാസം തികയും മുമ്പ് തിളക്കം നഷ്ടപ്പെടുന്നത് എങ്ങിനെയാണെന്ന് ആത്മപരിശോധന നടത്തണമെന്ന് യുഡിഎഫിനോട് സമസ്ത. ആദ്യ പരീക്ഷണത്തിലെ രാഷ്ട്രീയ സന്ദേശം എന്ന പേരില് സുപ്രഭാതത്തില് പ്രസിദ്ധീകരിച്ചിട്ടുള്ള മുഖപ്രസംഗത്തിലാണ് വിമര്ശനം. ഭരണത്തിന്റെ ആദ്യനാളുകളില്തന്നെ ജനങ്ങളുടെ മനസില് രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ പുറത്തുവന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചനകള് മുന് നിര്ത്തിയാണ് വിമര്ശനം. അധികാരത്തിലെത്തി 1135 ദിവസത്തിനിടെ ഉയര്ന്നുവന്ന വിവാദങ്ങളെല്ലാം ശൈശവദശയിലെ സ്വാഭാവിക രാഷ്ട്രീയ ബലപരീക്ഷണങ്ങളായി ചുരുക്കിക്കാണാം. എന്നാല് ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തില് ഉയര്ന്നുവന്ന വിവാദങ്ങള്ക്കും ആരോപണങ്ങള്ക്കും വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നല്കാന് സര്ക്കാരിന് കഴിഞ്ഞിരുന്നോ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ ഉണര്ത്തുന്നതായും പറയുന്നു.
ആദ്യ പരീക്ഷണത്തിന്റെ രാഷ്ട്രീയ സന്ദേശം യുഡിഎഫിന് എതിരാണ്. ഉപതിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല് യുഡിഎഫിന് ക്ഷീണവും എല്ഡിഎഫിന് നേട്ടവുമാണ്. ഭരണം കൈയാളുന്ന യുഡിഎഫിന് സിറ്റിങ് സീറ്റുകള് നഷ്ടപ്പെടുകയും ജയിച്ചിടത്തും തോറ്റിടത്തും വോട്ടുവിഹിതം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ടെന്നും പറയുന്നു.
സര്ക്കാരിനെ ചുറ്റിപ്പറ്റി വിവാദങ്ങള് ഈ ചെറിയ കാലത്തിനിടക്ക് ഒരുപാട് ഉണ്ടായി. മലപ്പുറം ദുരന്തബാധിത പ്രദേശങ്ങള് സന്ദര്ശിക്കാന് മുഖ്യമന്ത്രിയുടെ ചാര്ട്ടേഡ് വിമാനയാത്ര, സംശയങ്ങള് ഉയര്ത്തിവിട്ട മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്പോണ്സര്ഷിപ്പ്, ഔദ്യോഗിക ബോര്ഡും നമ്പറും പതിച്ച സ്വകാര്യവാഹനം മന്ത്രി ഉപയോഗിച്ചതിനെ ചൊല്ലിയുണ്ടായ വിവാദം. എല്ലാം സര്ക്കാരിന്റെ സുതാര്യതാ ചര്ച്ചകള്ക്ക് വഴിവച്ചിട്ടുണ്ട്.
ഖജനാവിന് സാമ്പത്തിക ബാധ്യതയില്ലെന്ന വിശദീകരണം അധികാര സ്ഥാനത്തിരിക്കുന്നവര് സ്വകാര്യസൗകര്യങ്ങള് സ്വീകരിക്കുമ്പോള് പാലിക്കേണ്ട സുതാര്യതയും ഔചിത്യവും സംബന്ധിച്ച ചോദ്യങ്ങള് നിലനില്ക്കുന്നതായും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.







Comments