
ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച 2008 ലെ മുംബൈ ഭീകരാക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികളാണെന്ന് ഒടുവില്‍ പാകിസ്താന്റെ സമ്മതം. പാകിസ്താന് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന് മുഹമ്മദ് അലി ദരാനിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പാക് അടിസ്ഥാനപ്പെടുത്തിയുള്ള ലഷ്ക്കര്‍ ഇ തയ്ബയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇന്ത്യ ആരോപിച്ചത്.
ഒമ്പതുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇതാദ്യമായിട്ടാണ് പാകിസ്താന് ഉന്നതാധികാരിയായിരുന്ന ഒരാളില്‍ നിന്നും കുറ്റസമ്മതം വരുന്നത്. 2008 നവംബര്‍ 26 ന് 10 പാക് തീവ്രവാദികള്‍ മുംബൈ തീരത്ത് നാശം വിതയ്ക്കുമ്പോള് ദുറാനി എന്‍എസ്എ തലവനായിരുന്നു. സംഭവത്തില്‍ ഇന്ത്യാക്കാരും വിദേശികളുമായി 166 പേര്‍ക്കായിരുന്നു ജീവന് നഷ്ടമായത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനലിസീസിലെ 19 ാം ഏഷ്യന്‍ സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഇത്.
26/11 മുംബൈ ആക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളാണെന്ന് സമ്മതിക്കുന്നത് തനിക്കിപ്പോഴും വെറുപ്പാണെന്നായിരുന്നു പ്രതികരണം. അതേസമയം തന്റെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നും ഐഎസ്ഐയ്ക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്ന് തനിക്ക് 110 ശതമാനവും ഉറപ്പുണ്ടെന്നും പറഞ്ഞു. സൈന്യത്തിന്റെ മേജര്‍ ജനറല്‍ സ്ഥാനത്തിരിക്കുമ്പോള്‍ മുംബൈ ഭീകരാക്രമണ പ്രതി അജ്മല്‍ അമീര്‍ കസബ് പാകിസ്താന്‍കാരനാണെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് 2009 ല്‍ ദരാനിയെ പാകിസ്താന് പുറത്താക്കിയിരുന്നു.
അതേസമയം ദരാനിയുടെ കുറ്റസമ്മതത്തില്‍ പുതിയതായിട്ട് ഒന്നുമില്ലെന്നും ഇന്ത്യയ്ക്ക് ഇക്കാര്യമെല്ലാം നേരത്തേ അറിയാവുന്ന കാര്യമാണെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു വ്യക്തമാക്കി. അവര്‍ ഇത് പറയുമെന്ന് ഞങ്ങള്‍ക്ക അറിയാമെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും ഇല്ലെന്നായിരുന്നു അവര്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതെന്നും മുംബൈ ആക്രമണം നടക്കുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന ശിവ് രാജ് പാട്ടീലും പ്രതികരിച്ചു.






