
ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ശേഷം മികച്ച കഥാപാത്രങ്ങിലൂടെ മലയാളത്തിലും തമിഴിലും ബോളിവുഡിലും തിളങ്ങിയ താരമാണ് പാര്വതി തിരുവോത്ത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഇരിപ്പിടം വെള്ളിത്തിരയില് നേടിയെടുത്ത താരം വിസ്മയിപ്പിക്കുന്ന അഭിനയ പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, നിലപാടുകള് കൊണ്ടും മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകള് കൊണ്ടും വിമര്ശനപരാമര്ശങ്ങള് കൊണ്ടും എന്നും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അടുത്തിടെയായി ബോള്ഡ് ഫാഷൻ പരീക്ഷണങ്ങളിലൂടെയും താരം സോഷ്യല് മീഡിയ കീഴടക്കുന്നുണ്ട്.
ഇപ്പോഴിതാ മുംബൈ ഫാഷൻ വേദിയിൽ അമ്പരപ്പിക്കുന്ന ഗോഥിക് ശൈലിയില് ഹോട്ട് ലുക്കില് തിളങ്ങുകയാണ് പാർവതി തിരുവോത്ത്. ബ്ലാക്ക് മിനി ഡ്രസ്സും ലേസ് മുഖാവരണവും അണിഞ്ഞ് അള്ട്രാ ഹോട്ട് ലുക്കിലാണ് താരം എത്തിയത്. മുംബൈയിൽ നടന്ന പ്രമുഖ ഫാഷൻ ലൈഫ്സ്റ്റൈൽ മാസികയായ ‘ഡേർട്ടി മാഗസിൻ’ സംഘടിപ്പിച്ച ചടങ്ങിലാണ് തന്റെ പുത്തൻ ഫാഷൻ പരീക്ഷണവുമായി താരം എത്തിയത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള് സോഷ്യൽ മീഡിയയിൽ വൈറലായത്.
ബോളിവുഡ് സെലിബ്രിറ്റികളെപ്പോലും പിന്നിലാക്കുന്ന ഹൈ-ഫാഷൻ സ്റ്റൈലായിരുന്നു താരത്തിന്. പാശ്ചാത്യ ഗോഥിക് ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ ബ്ലാക്ക് മിനി ഡ്രസ്സാണ് പാർവതി ധരിച്ചിരുന്നത്. ബ്ലാക്ക് ബ്രാലറ്റും മിനി സ്കേർട്ടിനും ഒപ്പം ബ്ലാക്ക് നെറ്റു കൊണ്ടൊരുക്കിയ ലൂസ് ടോപ്പും ചേർന്നതായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ലേസ് കൊണ്ട് അതിസൂക്ഷ്മമായി തയ്യാറാക്കിയ ഒരു മാസ്കും താരം അണിഞ്ഞിരുന്നു.
താരത്തിന്റെ റെഡ് കാർപ്പറ്റ് ചിത്രങ്ങൾ സോഷ്യല് മീഡിയയില് വൈറലായതോടെ കമന്റ് ബോക്സും നിറഞ്ഞു. ‘ഇത് നമ്മുടെ പഴയ പാർവതി തന്നെയാണോ?, മലയാളത്തിന്റെ ഉർഫി ജാവേദോ ?, പഴയ പാര്വതി എവിടെ?...’ എന്നതടക്കം അമ്പരപ്പ് നിറഞ്ഞ കമന്റുകളാണ് പലരും കുറിച്ചത്. എന്നും ഫാഷന് പരീക്ഷണങ്ങള് നടത്തി സോഷ്യല് മീഡിയയില് തരംഗമാകാറുള്ള ഉർഫി ജാവേദിനോട് ഉപമിച്ചാണ് പലരുടെയും കമന്റുകള്. ബോളിവുഡ് താരങ്ങളായ വിജയ് വർമ്മ, ഉർഫി ജാവേദ്, ഗുർഫത്തേഹ് പിർസാദ തുടങ്ങി നിരവധി പ്രമുഖരും ഈ വേദിയിൽ പങ്കെടുത്തിരുന്നു.







Comments