
ദുബായ്: സെപ്റ്റംബർ 30-ന് ഫ്ലൈ ദുബായ് കോക്ക്പിറ്റിൽ നടന്ന ക്രൂരമായ ആക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകൾ ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ പങ്കുവെച്ചു. ഒമാനി സഹപൈലറ്റിൽ നിന്ന് തുടർച്ചയായി മർദ്ദനമേറ്റതിനെ തുടർന്ന് തന്റെ കാഴ്ച മങ്ങിപ്പോയെന്നും, എന്നാൽ കോക്ക്പിറ്റ് വാതിൽ തുറന്ന് വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിക്കാൻ താൻ ഒന്നിലധികം തവണ ശ്രമിച്ചുവെന്നും അദ്ദേഹം വിവരിച്ചു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് ഫ്ലൈറ്റ് FZ1073-ൽ നടന്ന സംഭവത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവോട് സംസാരിക്കുകയായിരുന്നു മച്ഛാർ. സാധാരണ നിലയിലാണ് വിമാനം മുന്നോട്ട് പോയിരുന്നതെന്നും, പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് എഴുന്നേറ്റ ഹമാം അൽ-ഹമ്മാമി എന്ന സഹപൈലറ്റ് പെട്ടെന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“അദ്ദേഹം പ്രാർത്ഥിക്കുമ്പോൾ ബഹുമാന സൂചകമായി ഞാൻ മുന്നിലേക്ക് നോക്കിയിരിക്കുകയായിരുന്നു, പുറകിലേക്ക് നോക്കിയില്ല. പെട്ടെന്നാണ് എന്റെ തലയുടെ പിൻഭാഗത്ത് ശക്തമായ പ്രഹരമേറ്റത്. വിമാനത്തിന് എന്തോ വലിയ തകരാർ സംഭവിച്ചുവെന്നാണ് ആദ്യം ഞാൻ കരുതിയത്. എന്നാൽ അതിനുശേഷം പുറകിൽ നിന്ന് അടി തുടർന്നുകൊണ്ടേയിരുന്നു. അപ്പോഴാണ് തകരാർ വിമാനത്തിനല്ല, കോക്ക്പിറ്റിൽ എന്നോടൊപ്പമുള്ള മറ്റേയാൾക്കാണ് എന്ന് ഞാൻ മനസ്സിലാക്കിയത്," ക്യാപ്റ്റൻ പറഞ്ഞു.
ആക്രമണത്തെത്തുടർന്ന് വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങുകയും, ഹൈജാക്കിംഗ് മുന്നറിയിപ്പ് സന്ദേശം നൽകുന്നതിന് മുമ്പ് രണ്ട് മിനിറ്റിനുള്ളിൽ ഏകദേശം 16,000 അടി താഴേക്ക് പോവുകയും ചെയ്തു. ആക്രമണകാരിയെ തടയാൻ ശ്രമിച്ചെങ്കിലും ആദ്യത്തെ അടികളേറ്റതോടെ കാഴ്ച മങ്ങി ബുദ്ധിമുട്ടിയതായി മച്ഛാർ പറഞ്ഞു. ആ സമയത്തെ സംഭവങ്ങളെ കുറിച്ച് ഇപ്പോഴും പൂർണമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കോക്ക്പിറ്റ് വാതിൽ തുറക്കാൻ താൻ ശ്രമിച്ചെങ്കിലും ആക്രമണകാരി അത് വീണ്ടും അടച്ചതായി മച്ചാർ പറഞ്ഞു. തുടർന്ന് വിമാനത്തിന്റെ ശക്തമായ ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേൾക്കുമ്പോൾ താൻ കോക്ക്പിറ്റിന്റെ തറയിൽ കിടക്കുകയായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. തുടർന്ന് വാതിലിനടുത്തേക്ക് എത്താൻ മറ്റൊരു ശ്രമം കൂടി നടത്തിയെന്നും വാതിൽ തുറക്കാൻ കഴിഞ്ഞു. “എന്റെ മുഴുവൻ ശക്തിയും സംഭരിച്ച് ഞാൻ വാതിലിനടുത്തേക്ക് പോയി അത് തുറന്നു. ഭാഗ്യവശാൽ ആളുകൾ പുറത്ത് സഹായിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു, അവർ പെട്ടെന്ന് തന്നെ കാര്യങ്ങൾ നിയന്ത്രണത്തിലാക്കി," അദ്ദേഹം പറഞ്ഞു.
തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ഇറക്കുകയും, 180 യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തിറങ്ങുകയും ചെയ്തു.







Comments