
ആരാധകരോട് എപ്പോഴും സ്നേഹത്തോടെ പെരുമാറുന്ന താരമാണ് രശ്മിക മന്ദാന. എന്നാൽ ഇതിനൊപ്പം തന്നെ വലിയ തോതിലുള്ള സൈബർ ട്രോളുകൾക്കും വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രശ്മിക.
തന്റെ പുതിയ ചിത്രമായ 'രണബാലി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈത്രി മൂവി മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.താൻ ഇങ്ങനെയാണെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി തനിക്ക് ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും രശ്മിക പറഞ്ഞു.
"വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നത്, ദയ എന്ന് പറയുന്നത് ഒരു ബലഹീനതയല്ല എന്നാണ്. ആരൊക്കെ എന്തൊക്കെ നെഗറ്റീവ് കമന്റുകൾ പറഞ്ഞാലും അവരോട് ദയയോടെ പെരുമാറുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. എപ്പോഴും പോസിറ്റീവായ കാര്യങ്ങൾ മറ്റുള്ളവർക്ക് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനെ ചിലപ്പോൾ ആളുകൾ ഓവർ ആക്ടിങ് ആണെന്ന് പറയും, അല്ലെങ്കിൽ മറ്റെന്തെങ്കിലും പറയും.
അത് എന്ത് തന്നെയായാലും എനിക്കതിൽ പ്രശ്നമില്ല. എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഞാൻ ഇങ്ങനെ നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇങ്ങനെയായിരിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. കാരണം, ഞാൻ ഇങ്ങനെയാണ്, അതുപോലെ ഞാനിങ്ങനെയാണ് എന്ന് എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല.
ഇതാണ് ശരിക്കുള്ള ഞാൻ, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല. ഞാനിതിൽ ഹാപ്പിയാണ്, എന്റെ കുടുംബം ഹാപ്പിയാണ്, എന്റെ സുഹൃത്തുക്കളും ആരാധകരും ഹാപ്പിയാണ്. അങ്ങനെ എല്ലാവരും ഹാപ്പിയാണ്".- രശ്മിക മന്ദാന പറഞ്ഞു.







Comments