
ലാൽ ജോസ് ചിത്രം 'രസികനി'ലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത സുനിൽ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
'തങ്കം' എന്ന സിനിമയ്ക്ക് ശേഷം സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ ശക്തമായ മടങ്ങിവരവ്. ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നവരസ ഫിലിംസും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. അടുത്തിടെ ഇടുക്കിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്.
ചിത്രീകരണത്തിന് മുന്നോടിയായി ലണ്ടനിലേക്ക് പറന്നിരിക്കുകയാണ് താരം. സഹോദരി സഞ്ജുക്ത സുനിലിനൊപ്പം ലണ്ടനിൽ നിന്നുള്ള ചിത്രങ്ങൾ സംവൃത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. "ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് സഹോദരി സഞ്ജുക്തയുടെ സ്നേഹവും ലാളനയും ഏറ്റുവാങ്ങാൻ ലണ്ടനിൽ ഒരു ചെറിയ ഇടവേള" എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്.
2012 നവംബറിലായിരുന്നു യു.എസിൽ എൻജിനീയറായ അഖിൽ ജയരാജുമായുള്ള സംവൃതയുടെ വിവാഹം. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. പ്രിയനടിയുടെ തിരിച്ചുവരവ് ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.







Comments