
ഹിന്ദിയിലായാലും തമിഴിലായാലും സിനിമാ നിര്മാണത്തില് വ്യത്യാസങ്ങളൊന്നും തോന്നിയിട്ടില്ലെന്ന് സംവിധായകന് അറ്റ്ലീ. തന്റെ എല്ലാ സിനിമകളുടെയും സംഭാഷണങ്ങള് മാതൃഭാഷയായ തമിഴില് തന്നെയാണ് എഴുതാറുളളതെന്നും, ചെറിയ സിനിമകള് ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
'ചെറിയ ചിത്രങ്ങൾ ചെയ്യാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. എന്റെ ആദ്യ ചിത്രമായ 'രാജാറാണി' പോലെയും, സായ് അഭ്യങ്കർ സംഗീത സംവിധാനം നിർവ്വഹിച്ച 'ഡ്യൂഡ്' പോലെയും ലളിതമായ ഒരു സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു,' എന്ന് അറ്റ്ലീ പറഞ്ഞു. വൻ ഹിറ്റുകൾ സമ്മാനിച്ചെങ്കിലും ഇനിയും ഒരു കൊച്ചു സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹമാണ് അദ്ദേഹം പങ്കുവെച്ചത്.
ബോളിവുഡിൽ ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ 'ജവാൻ' എന്ന വൻഹിറ്റ് ചിത്രത്തിന് ശേഷവും തന്റെ സർഗ്ഗാത്മക പ്രക്രിയയിൽ മാറ്റങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദി സിനിമകൾ ചെയ്യുന്നതും തമിഴ് സിനിമകൾ ചെയ്യുന്നതും തമ്മിൽ തനിക്ക് യാതൊരു വ്യത്യാസവും തോന്നിയിട്ടില്ല. ഏത് ഭാഷയിൽ സിനിമ ചെയ്താലും കഥയും ചിന്തകളും രൂപപ്പെടുന്നത് സ്വന്തം മാതൃഭാഷയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ജവാന്റെ ഡയലോഗുകളെല്ലാം ഞാൻ തമിഴിൽ തന്നെയാണ് എഴുതിയത്. ഞാൻ തമിഴ്നാട്ടിൽ നിന്നുള്ളയാളാണ്, എനിക്ക് തമിഴിൽ എഴുതാൻ മാത്രമേ അറിയുകയുള്ളൂ. തമിഴിൽ എഴുതുന്നതാണ് എനിക്ക് എന്നും ഇഷ്ടം. അതാണ് എന്റെ വേരുകൾ (ഓർജിൻ)," അറ്റ്ലീ വ്യക്തമാക്കി. ഏത് വലിയ വലിയ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചാലും സ്വന്തം വേരുകളോടുള്ള ബന്ധവും മാതൃഭാഷയോടുള്ള സ്നേഹവുമാണ് ഒരു കലാകാരന്റെ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.







Comments