
ഹിന്ദി ടെലിവിഷന് പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതിമാരാണ് ഷോയബ് ഇബ്രാഹിമും ദീപിക കക്കറും. ‘സസുരാൽ സിമർ കാ’ എന്ന പ്രശസ്തമായ ഹിന്ദി പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകർക്ക് പ്രിയങ്കരരായത്. അതേ സീരിയലില് ദീപികയുടെ നായകനായി എത്തിയ ഷോയബാണ് താരത്തിന്റെ ജീവിതത്തിലും നായകനായത്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെയും മകന് റുഹാന്റെയും വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന താരദമ്പതിമാര് കൂടിയാണിവര്.
കരിയറില് തിളങ്ങി നില്ക്കുമ്പോഴായിരുന്നു ദീപികയ്ക്ക് സ്റ്റേജ് 2 ലിവർ കാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് കരളിലെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ദീപിക ചെയ്തു. തൊട്ടടുത്ത വര്ഷം വയറ്റിലെയും കരളിലെയും സിസ്റ്റുകൾ നീക്കം ചെയ്യാനായി ദീപിക വീണ്ടും ഒരു ശസ്ത്രക്രിയ കൂടി ചെയ്തു. നിലവിൽ കാൻസർ വീണ്ടും വരാതിരിക്കാനായി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇമ്മ്യൂണോതെറാപ്പി ചെയ്യുകയാണ് താരം.
ഈ കഠിനമായ ഘട്ടങ്ങളിലെല്ലാം ദീപികയ്ക്ക് ഏറ്റവും കൂടുതല് പിന്തുണ നല്കിയിരുന്നത് ഷോയബാണ്. ചികിത്സ കാരണം ദീപിക കരിയറില് നിന്ന് ഇടവേളയെടുത്തപ്പോഴും ശക്തിയും പോസിറ്റിവിറ്റിയും പകര്ന്ന് ഷോയബ് കൂടെയുണ്ടായിരുന്നു. ദീപികയുടെ വിശേഷങ്ങളും ചികിത്സാ അപ്ഡേറ്റുകളും ഷോയബാണ് ആരാധകരുമായി പങ്കിടാറുള്ളത്.
ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ദീപിക ക്യാമറയ്ക്ക് മുന്നിലെത്തിയ സന്തോഷം പങ്കിടുകയാണ് ഷോയബ് ഇബ്രാഹിം. താന് സംവിധാനം ചെയ്ത ഒരു ഗാനത്തിലൂടെ ദീപിക തിരിച്ചുവരുന്നു എന്നതാണ് ഈ ഗാനത്തിനുള്ള ഏറ്റവും വലിയ പ്രത്യേകതയെന്നും ഷോയബ് കുറിക്കുന്നു.
‘‘ഈ ഗാനം എനിക്ക് എപ്പോഴും പ്രിയപ്പെട്ടതായിരിക്കും... ഞാൻ ഇത് സംവിധാനം ചെയ്തു എന്നതുകൊണ്ട് മാത്രമല്ല, മറിച്ച് ദീപികയുടെ തിരിച്ചുവരവിന്റെ ഭാഗമായതുകൂടിയാണ്. ഓരോ ഫ്രെയിമും കാണുമ്പോൾ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവളുടെ ഈ തിരിച്ചുവരവ് തികച്ചും ആത്മാർത്ഥവും മനോഹരവുമായ രീതിയിൽ പകർത്തിയെടുക്കണം.
ഞാൻ ആവേശത്തിലായിരുന്നു, ഒപ്പം അല്പം പരിഭ്രാന്തിയും സംശയവും തോന്നിയിരുന്നു. എങ്കിലും, എന്റെ കഴിവിന്റെ പരമാവധി നൽകി ഞാൻ ഈ ഗാനം ഒരുക്കി. നാളെ ഈ ഗാനം നിങ്ങളുടേതാകും. ഞങ്ങൾ ഇത് ഒരുക്കിയപ്പോൾ അനുഭവിച്ച അതേ സ്നേഹത്തോടെ നിങ്ങളും ഇത് സ്വീകരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഒരു നല്ല ടീം ഇല്ലെങ്കിൽ ഒന്നും സാധ്യമല്ലെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്... എന്റെ കാഴ്ചപ്പാടിനെ ലെൻസിലൂടെ മനോഹരമായി പകർത്തിയതിന് എന്റെ ഡി ഒ പി സദാനന്ദ് പിള്ള സാറിന് നന്ദി. ഷൂട്ടിംഗ് വളരെ സുഗമമായി കൈകാര്യം ചെയ്തതിന് ജയ് മിശ്ര ഭദോഹി ഭായ്ക്ക് നന്ദി... കൂടാതെ, എന്റെ മുഴുവൻ ടീമിനും യൂണിറ്റിനും വലിയൊരു നന്ദി....
‘മെഹന്ദി സേ ലിഖ്ദേ മേരാ നാം...’ നാളെ (ഒക്ടോബർ 6-ന്) രാവിലെ 11 മണിക്ക് ഖൽബ് എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നു....’’ എന്ന് കുറിച്ചാണ് ഷോയബ് തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. വീഡിയോ ആല്ബത്തില് ദീപികയ്ക്കൊപ്പം ഷോയബും അഭിനയിക്കുന്നുണ്ട്.







Comments