
തമിഴകത്തിന്റെ ഇളയദളപതി സി. ജോസഫ് വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായതോടെ ആരാധകരും ആവേശവും നാള്ക്കുനാള് വര്ദ്ധിക്കുകയാണ്. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് 107 സീറ്റുകള് നേടി വിജയിച്ച തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ നേതാവായ വിജയ്, ഈ വർഷം മേയ് മാസം മുതലാണ് സംസ്ഥാന ഭരണച്ചുമതലയേറ്റെടുത്തത്. താരത്തിന്റെ ദൈനംദിന ശീലങ്ങളും രീതികളുമൊക്കെ അറിയാനും ആരാധകര്ക്ക് വലിയ ആകാംക്ഷയാണ്. താരത്തിന്റെ ഫിറ്റ്നെസ്സിനെക്കുറിച്ചും എന്നും ആരാധകര് വലിയ ആവേശത്തോടെ അന്വേഷിക്കാറുണ്ട്. ‘മാസ്റ്റർ’ മുതല് ‘ബീസ്റ്റ്’ വരെയുള്ള സിനിമകളില് താരത്തെ പരിശീലിപ്പിച്ചത് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ എസ്.നരേഷ് കുമാറാണ്.
ഇപ്പോഴിതാ വിജയ്യുടെ അച്ചടക്കമുള്ള ജീവിതശൈലിയെക്കുറിച്ചുള്ള രീതികള് വെളിപ്പെടുത്തുകയാണ് പരിശീലകനായ നരേഷ് കുമാര്. നടനില് നിന്ന് രാഷ്ട്രീയ നേതാവായി മാറിയ വിജയ്യുമായുള്ള ബന്ധം 2020-21 കാലഘട്ടത്തില് ‘മാസ്റ്റർ’ സിനിമയുടെ സമയത്താണ് ആരംഭിച്ചതെന്ന് നരേഷ് പറയുന്നു.
‘‘തിരക്കേറിയ ജോലിക്രമത്തിനിടയിലും ഫിറ്റ്നസ് നിലനിർത്തുന്നതില് അദ്ദേഹത്തിന്റെ അച്ചടക്കവും ശ്രദ്ധയും സമർപ്പണവും നേരിട്ട് കാണാൻ സാധിച്ചത് തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു. ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയില്, സ്വന്തം കാര്യത്തില് മാത്രമല്ല, സംസ്ഥാനത്തെ മുഴുവൻ ജനങ്ങള്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആരോഗ്യ സംരക്ഷണ പ്രതിബദ്ധതയും സ്ഥിരതയും ശരിക്കും പ്രചോദനാത്മകമാണ്.
രാഷ്ട്രീയ റാലികളില് പങ്കെടുക്കുമ്പോള് പോലും അദ്ദേഹം തന്റെ ഭക്ഷണം സ്വന്തമായി കൂടെക്കരുതാറുണ്ട്. ആരോഗ്യത്തോടും ശീലങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നും പ്രചോദനം നല്കുന്നതാണ്. ശരീരഭാരം കൃത്യമായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. പ്രധാനമായും വൃത്തിയുള്ള ഭക്ഷണവും, പഴങ്ങളും, സമീകൃതാഹാരവും ഉള്പ്പെടുന്ന നാല് വേള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. വല്ലപ്പോഴും ബിരിയാണി കഴിക്കാനും അദ്ദേഹത്തിനിഷ്ടമാണ്. അദ്ദേഹത്തിന്റെ ഭക്ഷണം മിക്കപ്പോഴും ഒരുപോലെ ആയിരിക്കും. വ്യക്തമായി പറഞ്ഞാല്, അരിഭക്ഷണം, അല്പം കോഴിയിറച്ചി, 200 ഗ്രാം തൂക്കം വരുന്ന പച്ചക്കറികള് എന്നിവയാണ് ഉള്പ്പെടുന്നത്. കൂടാതെ 100 ഗ്രാം പഴങ്ങളും കഴിക്കും. ഭക്ഷണത്തില് 60-80 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. ധാരാളം വെള്ളവും കുടിക്കാറുണ്ട്.
നിലവില് അദ്ദേഹം കാർഡിയോ വ്യായാമങ്ങളും, നടത്തം, ഡാൻസ്, ലളിതമായ സ്ട്രെങ്ത് വർക്കൗട്ടുകള് എന്നിവയടങ്ങുന്ന ഇൻഡോർ വ്യായാമങ്ങളും മാത്രമാണ് ചെയ്യുന്നത്. ആക്ഷൻ രംഗങ്ങള് ആവശ്യമായിരുന്ന സിനിമകളില് ശരീരം നിലനിർത്താൻ അദ്ദേഹം പ്രധാനമായും സ്ട്രെങ്ത് ട്രെയിനിങ് ആണ് ചെയ്തിരുന്നത്.
എല്ലാവർക്കും പ്രിയങ്കരനായ നടനും രാഷ്ട്രീയ നേതാവുമായ അദ്ദേഹത്തെ മറ്റുള്ളവരില് നിന്ന് വേറിട്ടുനിർത്തുന്നത് അദ്ദേഹത്തിന്റെ ചിന്താരീതിയാണ്. അധികം സംസാരിക്കാറില്ലെങ്കിലും കാര്യങ്ങള് കൃത്യമായി നിരീക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ മികച്ച സമയപരിപാലനവും ലളിത ജീവിതവുമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു, ആ അനുഭവത്തിന് ഞാൻ നന്ദിയുള്ളവനാണ്. ഉടൻ തന്നെ അദ്ദേഹത്തെ വീണ്ടും കാണാൻ കഴിയുമെന്നും ഭാവിയില് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു...’’ നരേഷ് കുമാര് പറഞ്ഞു. ജനികാന്ത്, ജാൻവി കപൂർ, പൂജ ഹെഗ്ഡെ തുടങ്ങിയ അഭിനേതാക്കളെയും നരേഷ് പരിശീലിപ്പിക്കാറുണ്ട്. ചെന്നൈ സ്വദേശിയായ കുമാറിന് അമേരിക്കൻ കൗണ്സില് ഓണ് എക്സസൈസ്, ഇന്റർനാഷണല് സ്പോർട്സ് സയൻസസ് അസോസിയേഷൻ എന്നിവയില് നിന്നുള്ള ആഗോള അംഗീകൃത സർട്ടിഫിക്കറ്റുകളുണ്ട്. കൂടാതെ 15 വർഷത്തിലധികമായി നരേഷ് ഈ രംഗത്ത് പ്രവര്ത്തിക്കുന്നുമുണ്ട്.







Comments