
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം മാന്‍ഹോളിന് നല്‍കിയതിനെതിരെ സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ച വിധു വിന്‍സെന്റിനോട് യാതൊരു വിരോധവുമില്ല എന്ന മുഖവുരയോടെയാണ് സനല്‍ കുമാറിന്റെ വിമര്‍ശനം. ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണം എന്ന ധാരണയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറികള്‍ തിരുത്തണമെന്ന് സനല്‍ കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വിഷയതീവ്രതയുടെ പേരില്‍ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതില്‍ മാന്‍ഹോള്‍ വിജയിച്ചു എന്നേ താന്‍ പറയൂ എന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.
സനല്‍ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മികച്ച സിനിമയ്ക്കും സംവിധാനത്തിനും ഉള്ള സംസ്ഥാന അവാർഡിനോട് കുറച്ചെങ്കിലും നീതിപുലർത്താമായിരുന്നു. സിനിമ എന്നാൽ ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോചിത്രീകരണം എന്ന ധാരണയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറികൾ തിരുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ച വിധുവിൻസെന്റിനോട് യാതൊരു വിരോധവുമില്ലാ എന്നും താരങ്ങളുടെയൊന്നും അകമ്പടിയില്ലാതെ സ്വതന്ത്രമായി സിനിമയെടുക്കാൻ ഇറങ്ങിത്തിരിച്ച സ്ത്രീ എന്ന നിലയ്ക്ക് ആദരവേ ഉള്ളുയെന്നും പറഞ്ഞുകൊള്ളട്ടെ. വിഷയതീവ്രതയുടെ പേരിൽ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതിൽ മാൻഹോൾ വിജയിച്ചു എന്നേ ഞാൻ പറയൂ. ചലച്ചിത്രം എന്ന കലാരൂപത്തെ ഒരു തരിമ്പെങ്കിലും മുന്നോട്ടു കൊണ്ടുപോകുന്നില്ല ആ സിനിമ എന്ന് പറയാതെ പോകുന്നത് അനീതിയാകും എന്നതുകൊണ്ട് പറയുന്നു. ഈ അവാർഡ് വിധുവോ ആ സിനിമയോ അർഹിക്കുന്നതല്ലെന്ന തോന്നലാണ് മാൻഹോളും കഴിഞ്ഞവർഷമിറങ്ങിയ മറ്റുമിക്ക ചിത്രങ്ങളും കണ്ടിട്ടുള്ള ആളെന്ന നിലയിൽ ശക്തമായി എനിക്കുള്ളത്. വിധുവിന്റെ മനസ് ഈ അവാർഡിനെ ഉള്ളാലെ ആഘോഷിക്കാതിരിക്കട്ടെയെന്നും എന്റെയുൾപ്പെടെയുള്ള വിമർശകരുടെ വായടപ്പിക്കുന്ന രീതിയിൽ അടുത്തചിത്രത്തിലേക്ക് കുതിക്കട്ടെയെന്നും ആശിക്കുന്നു.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാർഡ് കൊടുത്ത തീരുമാനം ഒരു സന്തോഷമുണ്ടാക്കുന്നു. അർഹമായ അവാർഡുകൾ കിട്ടാതെ പോയ മഹേഷിന്റെ പ്രതികാരം നിരാശയുമുണ്ടാക്കുന്നു.
NB: ഇതിന്റെ പേരിൽ ലോഡുകണക്കിന് തെറിവിളിയും അധിക്ഷേപവുമൊക്കെ വരുമെന്ന് അറിയാം. കൊതിക്കെറുവാണെന്നു പറഞ്ഞു ആളുവന്നേക്കാം. അവരോട്: സെക്സി ദുർഗ അവാർഡിനയച്ചിരുന്നില്ല എന്നകാര്യം അറിയിക്കട്ടെ. തെറിവിളിക്കുമ്പോൾ അങ്ങനെ ഒരാരോപണം മാറ്റിനിർത്തിയിട്ട് ആയിക്കോളൂ.







Comments