
മോഹന്ലാലിനെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാലേട്ടന്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകാതിരുന്നതിന്റെ കാരണവും റിയാസ് ഖാനെ വില്ലനായി തിരഞ്ഞെടുത്തതിന് പിന്നിലെ വെല്ലുവിളികളും പങ്കുവെക്കുകയാണ് സംവിധായകന് വി.എം. വിനു. മൂവി വേള്ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
'പലരും ചോദിച്ചിട്ടുണ്ട് ബാലേട്ടന്റെ രണ്ടാം ഭാഗത്തേക്കുറിച്ച്. മണി സാര് എന്നോട് ചോദിച്ചിരുന്നു, നമുക്ക് രണ്ടാം ഭാഗം ഉണ്ടാക്കിക്കൂടേ എന്ന്. അത് വിജയിക്കണമെന്നില്ലെന്ന് ഞാന് പറഞ്ഞു. അന്നത്തെ മോഹന്ലാലിന്റെ സിനിമകളുടെ അവസ്ഥ നമ്മള് തിരിച്ചറിഞ്ഞിരുന്നു. അമാനുഷികനായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം മീശയും പിരിച്ച് നില്ക്കുന്ന സമയമായിരുന്നു. അതൊന്നുമില്ലാതെ പേടിക്കൊടലനായ, ഭീരുവായ, സൗഹൃദത്തിന് വലിയ വില നല്കുന്ന, ഫാമിലിയെ പൊതിഞ്ഞ നില്ക്കുന്ന ഒരു ഏട്ടനെ ആണ് നമ്മള് അവതരിപ്പിച്ചത്'' വിഎം വിനു പറയുന്നു.
ചിത്രത്തില് റിയാസ് ഖാന് അവതരിപ്പിച്ച ഭദ്രന് എന്ന വില്ലന് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല് തുടക്കത്തില് റിയാസ് ഖാനെ വില്ലനാക്കുന്നതില് നിര്മ്മാതാവ് ആന്റണി പെരുമ്പാവൂരിന് സംശയമുണ്ടായിരുന്നു എന്ന് സംവിധായകന് വെളിപ്പെടുത്തി.'മോഹന്ലാലിന്റെ വില്ലനായി റിയാസ് ഖാന് വരുന്നത് ശരിയാകുമോ എന്നും, ലാല് സാറിനൊപ്പം നില്ക്കുമ്പോള് ആരാധകര്ക്ക് അത് ഇഷ്ടപെടുമോ എന്നും ആന്റണി പെരുമ്പാവൂര് തന്നോട് ചോദിച്ചിരുന്നു,' എന്ന് വി.എം. വിനു കൂട്ടിച്ചേര്ത്തു.
'റിയാസ് ഖാനെ വില്ലനാക്കിയതിനെക്കുറിച്ച് എന്നോട് പലരും ചോദിച്ചിരുന്നു. ആന്റണി തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്, വിനു ചേട്ടാ ഇത് ശരിയാകുമോ? ലാല് സാറിന്റെ അടുത്ത് നില്ക്കുമ്പോള് ഫാന്സിന് ഇഷ്ടപ്പെടുമോ? അതൊക്കെ ശരിയാകും, ആ തീരുമാനത്തില് മാറ്റമില്ല. എല്ലാത്തിലും കീരിക്കാടന് ജോസിനെ കൊണ്ടിറക്കാന് പറ്റില്ലല്ലോ. അതുകൊണ്ടൊക്കെയാണ് ആ സിനിമ വ്യത്യസ്തമായത്. സുന്ദരനായൊരു വില്ലനായിരുന്നു' എന്നാണ് വിഎം വിനു പറയുന്നത്.







Comments