
ബോളിവുഡിന്റെ താരറാണിയായി തിളങ്ങി നിന്നിരുന്ന അഭിനേത്രിയാണ് കത്രീന കൈഫ്. അഴകളവുകള്ക്കും ഫിറ്റ്നെസ്സിനും ചടുലമായ നൃത്തത്തിനും അഭിനയമികവിനും കത്രീനയ്ക്ക് പകരം വയ്ക്കാന് അഭിനേത്രികളില്ലായിരുന്നു എന്നു തന്നെ പറയാം. കരിയറില് തിളങ്ങി നില്ക്കുന്ന സമയത്താണ് താരം ബോളിവുഡ് അഭിനേതാവായ വിക്കി കൗശാലിനെ വിവാഹം ചെയ്തത്. താരദമ്പതിമാര്ക്ക് ഇക്കഴിഞ്ഞ വര്ഷം നവംബറില് വിയാന് എന്നൊരു മകനും ജനിച്ചിരുന്നു. അമ്മയായ ശേഷം മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ വിക്കിയ്ക്കൊപ്പം കത്രീനയും പങ്കെടുക്കാനെത്തിയിരുന്നു. അതിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് എത്തിയതോടെ വലിയ രീതിയിലുള്ള ബോഡി ഷെയ്മിംഗും ട്രോളുകളുമാണ് താരം നേരിട്ടത്.
ഇപ്പോഴിതാ ഇപ്പോഴിതാ തനിക്കെതിരെ വന്ന ബോഡി ഷെയ്മിംഗ് ട്രോളുകളെക്കുറിച്ച് മൗനം വെടിയുകയാണ് കത്രീന കൈഫ്. ലണ്ടനിൽ നടന്ന തന്റെ ബ്യൂട്ടി ബ്രാൻഡായ ‘കെയ് ബ്യൂട്ടി’യുടെ വാർഷികാഘോഷ ചടങ്ങിൽ വെച്ച് ഓൺലൈൻ വിമർശനങ്ങളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് താരം മനസ്സു തുറന്നു. വിവാദത്തെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെ തന്നെ കത്രീന തന്റെ നിലപാട് വ്യക്തമാക്കി.
‘‘എന്നെ സംബന്ധിച്ചിടത്തോളം, ഏറ്റവും മികച്ച രീതിയിൽ കാണപ്പെടുക എന്നത് യഥാർത്ഥത്തിൽ ഏറ്റവും മികച്ചതായി അനുഭവപ്പെടുക എന്നതുമായി ബന്ധപ്പെട്ടതാണ്; സമഗ്രമായ രീതിയിൽ സ്വയം പരിപാലിക്കുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്. ആരോഗ്യമുള്ളവരായിരിക്കുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസം സ്വാഭാവികമായും പുറമെയും പ്രകടമാകുമെന്ന് ഞാൻ കരുതുന്നു.
സോഷ്യൽ മീഡിയയിലെ അഭിപ്രായപ്രകടനങ്ങൾ നമ്മുടെ ആത്മവിശ്വാസത്തെയും സ്വന്തം മൂല്യത്തെയും ബാധിക്കാൻ അനുവദിക്കാതെ സൂക്ഷിക്കണം. കാരണം, പുറത്ത് അത്രയേറെ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അവയ്ക്കെല്ലാം അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയാൽ, അല്ലെങ്കില് എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ, സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള നമ്മുടെ കഴിവിനെ അത് അത് തടസ്സപ്പെടുത്തുമെന്നും പ്രതികൂലമായി ബാധിക്കുമെന്നും എനിക്ക് തോന്നുന്നു.
വ്യക്തിപരമായി പറയുകയാണെങ്കിൽ, വിമർശനങ്ങളോ കമന്റുകളോ ഉണ്ടാകുമ്പോഴെല്ലാം അതിനനുസരിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ, ഭയം കാരണം സ്തംഭിച്ചുപോവുകയും ജീവിതത്തിൽ മുന്നോട്ട് പോകാൻ കഴിയാതെ വരികയും ചെയ്തേനെ. ലോകം നിങ്ങളെ ആഘോഷിക്കുന്ന സമയങ്ങളുണ്ടാകാം, എന്നാൽ ചിലപ്പോഴൊക്കെ, നിങ്ങൾക്ക് ഏറ്റവും വലിയ പ്രചോദനം നൽകുന്ന വ്യക്തിയായി (ചിയർലീഡറായി) നിങ്ങൾ തന്നെ മാറേണ്ടിവരും....’’ എന്നാണ് കത്രീന കൈഫ് പറഞ്ഞത്.
കത്രീനയ്ക്കെതിരെ വന്ന വിമര്ശനങ്ങളില് സൽമാൻ ഖാൻ, ഹൃതിക് റോഷൻ, പരിണീതി ചോപ്ര, സമീറ റെഡ്ഡി, സൗന്ദര്യ രജനീകാന്ത് തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖരടക്കം നിരവധി പേർ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രായാധിക്യത്തെയും ശരീരത്തെ കേന്ദ്രീകരിച്ചുള്ള വിമർശനങ്ങളെയും കുറിച്ച് സൽമാൻ ഖാൻ ബിഗ് ബോസ് പ്ലാറ്റ്ഫോമിലൂടെയാണ് സംസാരിച്ചത്.







Comments