
നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മാത്രമല്ല മറ്റ് ഭാഷകളിലെ പ്രേക്ഷകര്ക്കും പ്രിയങ്കരിയായി മാറിയ നടിയാണ് കനി കുസൃതി. നടി, മോഡൽ, സാമൂഹ്യ പ്രവർത്തക എന്ന നിലകളിൽ ശ്രദ്ധേയയായ കനി കുസൃതി, കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ മൈത്രേയൻ, ജയശ്രീ എന്നിവരുടെ മകള് കൂടിയാണ്. സാധാരണ കാണുന്ന അച്ഛനമ്മ- മക്കള് ബന്ധത്തില് നിന്ന് വ്യത്യസ്തമാണ് മൈത്രേയന്റെയും ജയശ്രീയുടെയും കനിയുടെയും ജീവിതം.
ഇപ്പോഴിതാ തന്റെ അച്ഛനും സാമൂഹിക ചിന്തകനുമായ മൈത്രേയനെക്കുറിച്ച് കനി കുസൃതി പങ്കുവെച്ച രസകരമായ ഒരു കാര്യമാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. മൈത്രേയന്റെ മീശയെക്കുറിച്ചുള്ള ട്രോളുകള് കണ്ടാല് എന്താണ് തോന്നുക എന്ന ചോദ്യത്തിനാണ് കനി മറുപടി പറഞ്ഞത്. മൈത്രേയന്റെ മീശയെക്കുറിച്ചുള്ള ട്രോളുകള് കണ്ടാല് കുടുംബാംഗങ്ങളെല്ലാം ചേര്ന്ന് ചിരിക്കാറുണ്ടെന്നും അച്ഛന്റെ മീശ ട്രോള് സ്റ്റിക്കറുകളാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകളില് തങ്ങള് തന്നെ ഉപയോഗിക്കാറുണ്ടെന്നും കനി പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കനി.
‘‘മൈത്രേയൻ അങ്ങനെ ഉപദേശങ്ങളൊന്നും തരാറില്ല. നമ്മുടെ ശരി, മറ്റൊരാളെ അറിഞ്ഞു കൊണ്ട് ഉപദ്രവിക്കുന്നതാണോ എന്ന് നോക്കുക. നമ്മുടെ മാത്രം വ്യക്തിപരമായ കാര്യമാണ്, അതിൽ നമുക്ക് ശരിയേതാണ് എന്നൊരു ബോധ്യമുണ്ടെങ്കിൽ അതിലുറച്ചു നിൽക്കുക. അതിൽ പേടിക്കേണ്ട കാര്യമില്ല എന്നാണ് അദ്ദേഹം പറയാറ്.
മൈത്രേയനും ഞാനും അമ്മയും ഒക്കെയുള്ള ഗ്രൂപ്പുണ്ട് വാട്സ്ആപ്പിൽ. മൈത്രേയന്റെ മീശയെ പറ്റിയുള്ള ട്രോളുകള് കാണുമ്പോള് നമ്മളും ചിരിക്കും. അപ്പോൾ ഞാൻ അതിൽ പറയും ദേ നോക്ക്.. നോക്ക് മൈത്രേയന്റെ ട്രോൾ വന്നിട്ടുണ്ടെന്ന് പറയും. സ്റ്റിക്കർ ഒക്കെ വരുകയാണെങ്കിൽ നമ്മളും അത് ഉപയോഗിക്കും. വേണ്ട സമയത്ത് നമ്മളും അത് ഉപയോഗിക്കും...’’ എന്നാണ് കനി കുസൃതി പറഞ്ഞത്.







Comments