
വിമാനം തകര്ന്ന്, ഭക്ഷണവും വെള്ളവും ചൂടും
ഇല്ലാതെ ആന്ഡീസ് പര്വതനിരകളില്
കുടുങ്ങിയവര്. രക്ഷപ്പെടാന് ഒടുവില് നടത്തിയത് അസാധാരണമായൊരു യാത്ര.
ഒരു വശത്ത് മഞ്ഞുമൂടിയ മലനിരകള്. മറുവശത്ത് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞുപാളികള്. എല്ലുകളെപ്പോലും മരവിപ്പിക്കുന്ന തണുപ്പ്. കഴിക്കാന് ഭക്ഷണമില്ല, കുടിക്കാന് വെള്ളമില്ല. പുറംലോകവുമായി ബന്ധപ്പെടാന് ഒരു വഴിയുമില്ല. രക്ഷപ്പെടുമെന്ന പ്രതീക്ഷയും പതിയെ അസ്തമിക്കുന്നു. ചുറ്റും മരണത്തിന്റെ നിശ്ശബ്ദത.
ഇത്തരം സാഹചര്യത്തില് ഒരാള്ക്ക് എത്ര ദിവസം ജീവിക്കാനാകും? ദിവസങ്ങള്ക്കുള്ളില് മരണം സംഭവിക്കുമെന്ന് കരുതിയേക്കാം. എന്നാല്, ആന്ഡീസ് പര്വതനിരകളില് കുടുങ്ങിയ 16 പേര് മരണത്തെ തോല്പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് 72 ദിവസങ്ങള്ക്കുശേഷമാണ്. മനുഷ്യന്റെ അതിജീവനശേഷിയുടെ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ അധ്യായങ്ങളിലൊന്നായി ഈ സംഭവം ഇന്നും ഓര്മിക്കപ്പെടുന്നു.
1972 ഒക്ടോബര് 13നായിരുന്നു ആ ദുരന്തം.
ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയില്നിന്ന് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലേക്ക് പറക്കുകയായിരുന്നു വിമാനം. ഉറുഗ്വേയിലെ ഓള്ഡ് ക്രിസ്റ്റ്യന്സ് റഗ്ബി ടീമിലെ അംഗങ്ങളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 45 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ചിലിയില് ഒരു റഗ്ബി മത്സരം കളിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
ഒക്ടോബര് 12ന് യാത്ര തുടങ്ങിയ വിമാനം മോശം കാലാവസ്ഥ കാരണം അര്ജന്റീനയിലെ മെന്ഡോസയില് ഇറങ്ങി. അടുത്ത ദിവസം യാത്ര തുടര്ന്നു. ആന്ഡീസ് പര്വതനിരകള് കടന്നുപോകുന്നതിനിടെ വിമാനത്തിന്റെ പൈലറ്റുമാര്ക്ക് സ്ഥാനം കണക്കാക്കുന്നതില് പിഴവുണ്ടായി. വിമാനം താഴേക്കിറക്കാന് തുടങ്ങിയപ്പോഴേക്കും മുന്നില് കൂറ്റന് പര്വതങ്ങള് പ്രത്യക്ഷപ്പെട്ടു.
വിമാനത്തെ ഉയര്ത്തി മലനിരകള്ക്കു മുകളിലൂടെ കടത്താന് ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. പര്വതത്തില് ഇടിച്ച വിമാനം പല ഭാഗങ്ങളായി തകര്ന്നു. മഞ്ഞിലൂടെ തെന്നിനീങ്ങിയ വിമാനത്തിന്റെ അവശിഷ്ടങ്ങള് ഒടുവില് ഒരു മഞ്ഞുമലയില് നിലയുറപ്പിച്ചു.
അപകടത്തില് പലരും മരിച്ചു. പരുക്കേറ്റവരും മരവിപ്പിക്കുന്ന തണുപ്പില് വിറങ്ങലിച്ചവരുമായി ബാക്കിയുള്ളവര് വിമാനത്തിന്റെ തകര്ന്ന ഭാഗങ്ങളില് അഭയം തേടി. സഹായത്തിനായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷ മാത്രമായിരുന്നു അവര്ക്ക് മുന്നിലുണ്ടായിരുന്നത്.
മഞ്ഞിനിടയിലെ ജീവിതം
വിമാനം തകര്ന്നുവീണ പ്രദേശം സമുദ്രനിരപ്പില്നിന്ന് ഏകദേശം 3,600 മീറ്റര് ഉയരത്തിലായിരുന്നു. അവിടെ താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി. ആവശ്യത്തിന് വസ്ത്രങ്ങളോ ഭക്ഷണമോ മരുന്നുകളോ ഉണ്ടായിരുന്നില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്ക്കുള്ളില് കഴിയുന്നതായിരുന്നു തണുപ്പില്നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്ഗം.
അപകടത്തില്നിന്ന് രക്ഷപ്പെട്ടവരില് ചിലര്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആവശ്യമായ ചികിത്സ നല്കാന് കഴിയാത്തതിനാല് അവരുടെ നിലയും വഷളായി. വിമാനത്തില് ശേഷിച്ചിരുന്ന ചോക്ലേറ്റ്, ബിസ്കറ്റ്, മിഠായി തുടങ്ങിയ ചെറിയ ഭക്ഷണസാധനങ്ങള് പങ്കിട്ടുകഴിച്ചാണ് അവര് ആദ്യ ദിവസങ്ങള് തള്ളിനീക്കിയത്. എന്നാല് ഭക്ഷണശേഖരം പെട്ടെന്നുതന്നെ തീര്ന്നു.
അവരെ കണ്ടെത്താന് രക്ഷാപ്രവര്ത്തകര് വിമാനങ്ങള് ഉപയോഗിച്ച് തിരച്ചില് നടത്തിയിരുന്നു. എന്നാല്, മഞ്ഞുപുതച്ച മലനിരകള്ക്കിടയില് വെളുത്ത നിറത്തിലുള്ള വിമാനാവശിഷ്ടങ്ങള് തിരിച്ചറിയാന് കഴിഞ്ഞില്ല. എട്ടു ദിവസത്തെ തിരച്ചിലിനുശേഷം രക്ഷാപ്രവര്ത്തനം അവസാനിപ്പിച്ചു.
ഈ വിവരം അതിജീവിച്ചവര് അറിഞ്ഞത് റേഡിയോയിലൂടെയായിരുന്നു. ലോകം തങ്ങളെ മരിച്ചവരായി കണക്കാക്കുന്നുവെന്ന് അവര് മനസിലാക്കി. ഇനി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയില് കാത്തിരുന്നിട്ട് കാര്യമില്ലെന്ന് അവര് തിരിച്ചറിഞ്ഞു.
ജീവിക്കാന് മുന്നില് മറ്റൊരു വഴിയില്ല
ഭക്ഷണം തീര്ന്നതോടെ അതിജീവിച്ചവര് കടുത്ത പ്രതിസന്ധിയിലായി. പട്ടിണിയും തണുപ്പും ശരീരത്തെ തളര്ത്തി. ഭക്ഷണം കണ്ടെത്താന് ചുറ്റുമുള്ള മഞ്ഞുപ്രദേശങ്ങളില് തിരഞ്ഞെങ്കിലും ഒന്നും ലഭിച്ചില്ല. അവിടെയാകട്ടെ സസ്യങ്ങളോ മൃഗങ്ങളോ ഒന്നും കാണാനുണ്ടായിരുന്നില്ല.
ഒടുവില് ജീവന് നിലനിര്ത്താന് മരിച്ച സഹയാത്രികരുടെ ശരീരം ഭക്ഷിക്കേണ്ടിവന്നു. മരിച്ചവരുടെ മാംസം ഭക്ഷിക്കുക എന്നത് ആര്ക്കും എളുപ്പത്തില് സ്വീകരിക്കാവുന്ന കാര്യമായിരുന്നില്ല. എന്നാല്, പട്ടിണികൊണ്ട് മരിക്കുന്നതിനു മുന്നില് മറ്റൊരു മാര്ഗവും അവര്ക്കുണ്ടായിരുന്നില്ല.
മരിച്ചവര് തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു. അവരോടുള്ള സ്നേഹവും ആദരവും നിലനിര്ത്തിക്കൊണ്ടുതന്നെ ജീവന് രക്ഷിക്കാന് കഠിനമായ തീരുമാനമെടുക്കേണ്ടിവന്നു. അതിജീവിച്ചവര് പിന്നീട് ഈ തീരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.
മഞ്ഞുമലയില് മരണവുമായി മുഖാമുഖം
ദുരന്തം നടന്ന് പതിനേഴാം ദിവസമായ ഒക്ടോബര് 29ന് മറ്റൊരു ദുരന്തംകൂടി അവരെ തേടിയെത്തി. വലിയൊരു മഞ്ഞുപാളി ഇടിഞ്ഞുവീണ് വിമാനത്തിന്റെ അവശിഷ്ടങ്ങള് മൂടി. അതിനുള്ളില് അഭയം തേടിയിരുന്ന എട്ടുപേര് കൂടി മരിച്ചു. രക്ഷപ്പെട്ടവര്ക്കും പുറത്തുകടക്കാന് കഴിയാതെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടിവന്നു.
പുറത്തിറങ്ങിയപ്പോള് അവരുടെ മുന്നില് കണ്ടത് മരണത്തിന്റെ മറ്റൊരു മുഖമായിരുന്നു. ഭക്ഷണം കണ്ടെത്താന് കഴിയില്ല. രക്ഷാപ്രവര്ത്തകര് ഇനി വരില്ല. തണുപ്പും പട്ടിണിയും ഏതുനിമിഷവും ജീവന് കവര്ന്നേക്കാം.
എന്നാല്, അവര് പൂര്ണമായി തളര്ന്നില്ല. പരസ്പരം സഹായിച്ചും ഭക്ഷണം പങ്കിട്ടും ജീവന് നിലനിര്ത്താന് ശ്രമിച്ചു. ചിലര് പരുക്കേറ്റവരെ പരിചരിച്ചു. മറ്റുചിലര് രക്ഷപ്പെടാനുള്ള വഴികള് കണ്ടെത്താന് ശ്രമിച്ചു.
ഇനിയും കാത്തിരുന്നാല് മരണം ഉറപ്പാണെന്ന് അവര് തിരിച്ചറിഞ്ഞു. ആരെങ്കിലും സഹായം തേടി മലകള് കടന്നുപോകണം. ആ തീരുമാനം എളുപ്പമായിരുന്നില്ല. മഞ്ഞുമലകള്ക്കപ്പുറം എന്താണെന്നുപോലും അവര്ക്കറിയില്ലായിരുന്നു.
സഹായം തേടി പുറപ്പെട്ട രണ്ടുപേര്
നാന്ഡോ പരാഡോയും റോബര്ട്ടോ കനേസയും അടക്കമുള്ളവര് രക്ഷപ്പെടാനുള്ള യാത്രയ്ക്ക് തയാറായി. റഗ്ബി താരമായിരുന്ന പരാഡോയ്ക്ക് അപകടത്തില് അമ്മയെ നഷ്ടപ്പെട്ടിരുന്നു. സഹോദരിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല് ദുരന്തത്തിനുശേഷവും ജീവിച്ചിരുന്ന പരാഡോ മറ്റുള്ളവരോടൊപ്പം അതിജീവനത്തിനായി പോരാടി.
മെഡിക്കല് വിദ്യാര്ഥിയായിരുന്ന കനേസയ്ക്കും മലനിരകളില് യാത്രചെയ്ത് പരിചയമുണ്ടായിരുന്നില്ല. ആവശ്യത്തിന് ഭക്ഷണമോ പര്വതാരോഹണ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടും സഹായം തേടി പുറപ്പെടാന് അവര് തീരുമാനിച്ചു.
1972 ഡിസംബര് 12ന് പരാഡോ, കനേസ, അന്റോണിയോ വിസിന്റിന് എന്നിവര് യാത്ര തുടങ്ങി. എന്നാല് മുന്നോട്ടുപോകുന്തോറും യാത്രയുടെ ബുദ്ധിമുട്ട് വര്ധിച്ചു. മൂന്നുപേര്ക്കും ആവശ്യമായ ഭക്ഷണം തികയില്ലെന്ന് മനസിലായതോടെ വിസിന്റിന് മടങ്ങി. പരാഡോയും കനേസയും യാത്ര തുടര്ന്നു.
മഞ്ഞുപുതഞ്ഞ മലകള് കയറുകയും ഇറങ്ങുകയും ചെയ്തു. കഠിനമായ തണുപ്പും ക്ഷീണവും അവരെ തളര്ത്തി. മുന്നില് വീണ്ടും മലനിരകള് പ്രത്യക്ഷപ്പെടുമ്പോള് യാത്ര അവസാനിപ്പിക്കണമെന്ന തോന്നല് ഉണ്ടാകുമായിരുന്നു. എന്നാല് പിന്നില് കാത്തിരിക്കുന്ന കൂട്ടുകാരെ ഓര്ത്തപ്പോള് അവര് വീണ്ടും മുന്നോട്ടുനീങ്ങി.
ഏകദേശം പത്തു ദിവസം നീണ്ട യാത്രയ്ക്കൊടുവില് അവര് മനുഷ്യവാസത്തിന്റെ അടയാളങ്ങള് കണ്ടു. ഒടുവില് കുതിരപ്പുറത്തുപോകുകയായിരുന്ന ചിലിയന് ഇടയനായ സെര്ജിയോ കാറ്റലാനെ അവര് കണ്ടെത്തി. അപ്പോഴേക്കും ഇരുവരും തീര്ത്തും അവശരായിരുന്നു. നദിയുടെ മറുകരയിലായിരുന്ന ഇടയനോട് സംസാരിക്കാന് കഴിയാത്തതിനാല് അവര് ഒരു കുറിപ്പ് എഴുതി കല്ലില് കെട്ടി എറിഞ്ഞുകൊടുത്തു.
വിമാനാപകടത്തില്നിന്ന് രക്ഷപ്പെട്ടവരാണെന്നും തങ്ങളുടെ കൂട്ടുകാര് മലയില് കുടുങ്ങിക്കിടക്കുകയാണെന്നും സഹായം വേണമെന്നും കുറിപ്പില് അറിയിച്ചു. ഇടയന് ഉടന് സഹായം എത്തിക്കാനുള്ള നടപടികള് സ്വീകരിച്ചു.
ദിവസങ്ങളായി മനസില് സൂക്ഷിച്ചിരുന്ന പ്രതീക്ഷയ്ക്ക് ഒടുവില് ജീവന്വെച്ചു.
ഒടുവില് രക്ഷാപ്രവര്ത്തകര് എത്തി
പരാഡോയുടെയും കനേസയുടെയും വിവരം ലഭിച്ചതോടെ രക്ഷാപ്രവര്ത്തനം ആരംഭിച്ചു. 1972 ഡിസംബര് 22ന് ഹെലികോപ്റ്ററുകള് ദുരന്തസ്ഥലത്തെത്തി. എന്നാല് ഉയര്ന്ന മലനിരകളിലെ പ്രതികൂല സാഹചര്യങ്ങളും ഹെലികോപ്റ്ററുകളുടെ ഭാരപരിധിയും കാരണം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന് കഴിഞ്ഞില്ല. ശേഷിച്ചവരെ അടുത്ത ദിവസം രക്ഷപ്പെടുത്തി.
ഡിസംബര് 23ന് അവസാനത്തെ അതിജീവിതനും സുരക്ഷിതസ്ഥാനത്തെത്തി. 45 പേരുമായി പുറപ്പെട്ട വിമാനത്തില്നിന്ന് 16 പേര് മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ദുരന്തം നടന്നിട്ട് 72 ദിവസം പിന്നിട്ടിരുന്നു.
മഞ്ഞുമലകളില് മരണം ചുറ്റുംനിന്നപ്പോഴും അവര് ജീവിതത്തിനായി പോരാടി. ഒടുവില് ആ പോരാട്ടം വിജയിച്ചു. 54 വര്ഷങ്ങള്ക്കുശേഷവും അവരുടെ കഥ ലോകത്തെ ഓര്മിപ്പിക്കുന്നത് ഒരേയൊരു കാര്യമാണ്: പ്രതീക്ഷയുടെ അവസാനത്തെ കണികയും കൈവിടാതിരുന്നാല് അസാധ്യമെന്നു തോന്നുന്ന സാഹചര്യങ്ങളില്നിന്നുപോലും തിരിച്ചുവരാന് മനുഷ്യനു കഴിയും.
എം.എസ്. ജീജോ




Comments