
കാവേരിയുടെ ഓളങ്ങള്ക്കിടയിലൂടെ ഒരു യാത്ര... കാല്ക്കീഴില് മണല്ച്ചാക്കുകളുടെ താല്ക്കാലിക പാത... മറുകരയില് കാത്തിരിക്കുന്നത് കാടിന്റെ നിശ്ശബ്ദതയും ഗംഭീരന്മാരായ ആനകളും. പ്രകൃതിയെയും വന്യജീവികളെയും ഒരേ യാത്രയില് അടുത്തറിയാന് കഴിയുന്ന അപൂര്വ അനുഭവമാണ് കര്ണാടകയിലെ കുടകിലുള്ള ദുബാറെ ആന ക്യാമ്പ് സഞ്ചാരികള്ക്ക് സമ്മാനിക്കുന്നത്.
പ്രഭാതത്തിലെ കോടമഞ്ഞ് പതിയെ കാവേരിയുടെ ജലത്തിലേക്ക് അലിഞ്ഞുചേരുമ്പോള് നദി ശാന്തമായി ഒഴുകുകയാണ്. ഇരുകരകളിലുമുള്ള പച്ചപ്പിനിടയില് നദിയുടെ നീലിമയ്ക്ക് മറ്റൊരു സൗന്ദര്യം. ആ നദി മുറിച്ചുകടന്നാണ് സഞ്ചാരികള് ആനകളുടെ ലോകത്തേക്ക് എത്തുന്നത്.
കാവേരിയുടെ മാറിലെ നടപ്പാത
വേനല്ക്കാലത്ത് കാവേരിയിലെ ജലനിരപ്പ് കുറയുമ്പോള് മണല്ച്ചാക്കുകള് നിരത്തി ഒരുക്കുന്ന താല്ക്കാലിക പാതയാണ് യാത്രയിലെ ഏറ്റവും കൗതുകകരമായ കാഴ്ചകളിലൊന്ന്. സാധാരണ പാലത്തിലൂടെയുള്ള യാത്രയല്ലിത്. നദിയുടെ ഒഴുക്കിനുമുകളിലൂടെ, വെള്ളത്തിന്റെ ചലനം തൊട്ടറിഞ്ഞുകൊണ്ട് മുന്നേറുന്നൊരു സാഹസിക നടപ്പ്.
മണല്ച്ചാക്കുകള്ക്കുമുകളിലൂടെ ഓരോ ചുവടുവയ്ക്കുമ്പോഴും കാല്ക്കീഴിലൂടെ വെള്ളത്തിന്റെ ചലനം അറിയാം. ഇടയ്ക്കിടെ തിരമാലകള് മണല്ച്ചാക്കുകളെ തഴുകി ചിതറുമ്പോള് ജലത്തുള്ളികള് യാത്രക്കാരുടെ മുഖത്തേക്കും തെറിച്ചെത്തും. ഇവയാകട്ടെ കുളിര്മ്മ നല്കി യാത്ര ക്ഷീണം പമ്പ കടത്തും.
ഒരു വശത്ത് കാവേരിയുടെ ഒഴുക്ക്, മറുവശത്ത് നിത്യഹരിതമായ കാനനഭംഗി, നദിയുടെ മൃദുസംഗീതവും, കാടിന്റെ നിശ്ശബ്ദതയും ചേര്ന്നൊരുക്കുന്ന ആ നിമിഷങ്ങളില് യാത്ര ഒരു കാഴ്ച മാത്രമല്ല മറിച്ച് അനുഭവമായി മാറുകയാണ്.
മഴക്കാലത്ത് ജലനിരപ്പ് ഉയരുമ്പോള് ഈ യാത്രയുടെ ഭാവവും മാറും. അപ്പോള് വട്ടത്തോണിയിലോ ചെറിയ ബോട്ടിലോ കയറിയാണ് കാവേരി കടക്കുന്നത്. ഓളങ്ങളെ മുറിച്ചുനീങ്ങുന്ന വട്ടത്തോണിയാത്രയും ദുബാറെ യാത്രയുടെ മറ്റൊരു ആകര്ഷണമാണ്.
കാവേരി കടന്ന് മറുകരയിലെത്തുമ്പോള് പ്രകൃതിയുടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ആനകളുടെ സാന്നിധ്യം ശ്രദ്ധയില്പ്പെടും. ഗംഭീരമായ ശരീരത്തില് ശാന്തമായ ഭാവം നിറഞ്ഞ ആനകള്. അടുത്തുനിന്ന് അവയെ കാണുന്നത് കൗതുകക്കാഴ്ചയാണ്. കണ്ണുകളില് നിറഞ്ഞുനില്ക്കുന്ന ശാന്തതയില് പ്രകൃതിയുമായുള്ള അവരുടെ ആഴത്തിലുള്ള ബന്ധവും വായിച്ചെടുക്കാം.
കാവേരി പുഴയില് ആനകളെ കുളിപ്പിക്കുന്ന കാഴ്ചയാണ് ദുബാറെയിലെ മറ്റൊരു പ്രധാന ആകര്ഷണം. കാവേരിയുടെ തീരത്ത് പ്രത്യേകമായി ഒരുക്കിയ സ്ഥലത്തു നിന്ന് ആനകള് വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതും കാണാം. വെള്ളത്തില് കളിച്ചും, ചിന്നം വിളിച്ചും, അട്ടഹസിച്ചും തുമ്പിക്കൈകൊണ്ട് ശരീരത്തിലേക്ക് വെള്ളം ചീറ്റിച്ചും നില്ക്കുന്ന ആനകളുടെ കാഴ്ച്ച കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ കൗതുകം പകരും. പുഴ വെള്ളത്തില് ആവേശ തിരയിളക്കം നടത്തിയുള്ള മലക്കം മറിച്ചിലും ദൃശ്യവിരുന്നാണ്.
കുളിക്ക് ശേഷം ആനയൂട്ട് നല്കുന്നതും പരിശീലിപ്പിക്കുന്നതുമെല്ലാം സഞ്ചാരികള്ക്ക് അടുത്തുനിന്ന് കാണാനുള്ള അവസരമുണ്ട്.
കാടിനും ആനകള്ക്കും ഇടയിലെ ജീവിതം വനവകുപ്പിന്റെ മേല്നോട്ടത്തിലാണ് കാര്യങ്ങള് നടക്കുന്നത്. ഈ ആനകളെ സംരക്ഷിക്കുകയും, അവരെ ശാസ്ത്രിയമായ രീതിയില് പരിശീലിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രമാണ് ദുബാറെ. ഒരുകാലത്ത് മരംവലിക്കല് ഉള്പ്പെടെയുള്ള വനപ്രവര്ത്തനങ്ങള്ക്കാണ് ഉപയോഗിച്ചിരുന്നത്. കാടുകളില് ആക്രമകാരികളായ ആനകളെ പിടികൂടാന് ഇത്തരം പരിശീലനം ലഭിച്ച കുങ്കിയാനകളെയും പ്രയോജനപ്പെടുത്തുന്നു. മൈസൂര് ദസറ പോലുള്ള ആഘോഷങ്ങള്ക്കും പരിശീലിപ്പിച്ചിരുന്ന ആനകളുടെ കേന്ദ്രമായും ദുബാറെ ശ്രദ്ധേയമാണ്.
ഇന്ന് വന്യജീവി അനുഭവത്തിന്റെയും പ്രകൃതി വിനോദസഞ്ചാരത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ദുബാറെ. മൈസൂര് ദസറ ആഘോഷങ്ങളിലും ക്യാമ്പിലെ അഞ്ച് ആനകള് പങ്കെടുക്കാറുണ്ട്.
ദുബാറെയുടെ പ്രത്യേകത ആനകളില് മാത്രം ഒതുങ്ങുന്നില്ല. കാവേരിയും, കാടും വന്യജീവികളും ഒരുമിച്ചുചേരുന്ന പ്രകൃതിയുടെ അപൂര്വ സംഗമമാണ് ഇവിടെ അനുഭവപ്പെടുന്നത്.
നഗരജീവിതത്തിന്റെ തിരക്കുകളില്നിന്ന് അകന്ന് കാടിനെ അറിയാനുംനദിയുടെ സംഗീതം ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്ക്ക് ഈ യാത്ര വേറിട്ട അനുഭവമാകും.
ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്




Comments