
സഹോദരൻ മന്ദാർ താക്കൂറിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടി മൃണാൾ താക്കൂർ. മന്ദാറിനെ തന്റെ ആദ്യത്തെ കുഞ്ഞ് എന്നാണ് താരം വിശേഷിപ്പിച്ചത്. തന്റെ ജീവിതത്തിൽ മന്ദാർ പകർന്നുനൽകിയ പാഠങ്ങളെയും ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെയും കുറിച്ച് കുറിപ്പിൽ പറയുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി തന്റെ സ്നേഹം പങ്കുവെച്ചത്.
‘‘എന്റെ ആദ്യത്തെ കുഞ്ഞിന്, എന്റെ പാർട്ണർ ഇൻ ക്രൈമിന്, എന്റെ എക്കാലത്തെയും കൊച്ചുകുട്ടിക്ക് പിറന്നാൾ ആശംസകൾ. നീ എനിക്ക് ക്ഷമ എന്താണെന്ന് പഠിപ്പിച്ചു തന്നു, കഠിനാധ്വാനം എങ്ങനെയുള്ളതാണെന്ന് കാണിച്ചു തന്നു, യഥാർത്ഥ ശക്തി എന്താണെന്ന് ഓർമ്മിപ്പിച്ചു.
എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും കൂളായ മിടുക്കനായ കുട്ടി നീയാണ്. എന്നാൽ അതിലുപരിയായി ഏറ്റവും ദയാലുവായ ആത്മാവും ഏറ്റവും മനോഹരമായ ഹൃദയമുള്ളവനുമാണ് നീ.
നിന്നെപ്പോലൊരു സഹോദരനെ ലഭിക്കാൻ ഞാൻ എങ്ങനെ ഇത്രയും ഭാഗ്യവതിയായി എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചുപോകാറുണ്ട്. ജീവിതം എനിക്ക് ഒരു ദശലക്ഷം അവസരങ്ങൾ നൽകിയാൽ പോലും, ഓരോ ജനനത്തിലും ഞാൻ നിന്റെ സഹോദരിയായിരിക്കാൻ തിരഞ്ഞെടുക്കും.
നീ വളർന്നിട്ടുണ്ടാകാം, പക്ഷേ നീ എപ്പോഴും എന്റെ കുഞ്ഞായിരിക്കും; നമ്മൾ എത്ര വയസ്സായാലും ഞാൻ എപ്പോഴും ആശങ്കപ്പെടുകയും പ്രാർത്ഥിക്കുകയും അഭിമാനിക്കുകയും കുറച്ചുകൂടി സ്നേഹിക്കുകയും ചെയ്യുന്ന ആളായിരിക്കും."
എന്റെ ഹൃദയത്തിന്റെ എത്ര ഭാഗമാണ് നീ കവർന്നിരിക്കുന്നതെന്ന് നിനക്ക് ഒരിക്കലും മനസ്സിലാകില്ല. ജന്മദിനാശംസകൾ, എന്റെ ലോകം ’’എന്നായിരുന്നു മൃണാളിന്റെ വാക്കുകൾ. സഹോദരന്റെ ചിത്രങ്ങളും ഇരുവരും ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളും കോർത്തിണക്കിയ നിരവധി ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.







Comments