
ന്യൂഡല്ഹി: സുപ്രീം കോടതി ഉത്തരവുകള്ക്കു പുല്ലുവില കല്പ്പിച്ച് ഡല്ഹിയില് ഇന്നലെയും സുരക്ഷാസേനകളുടെ നരനായാട്ട്. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രക്ഷോഭകരെ പോലീസ് കൈകാര്യം ചെയ്തത് മനുഷ്യത്വരഹിതമായി. സംഭവം റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകരും ഡല്ഹി പോലീസിന്റെ ലാത്തിയുടെ ചൂടറിഞ്ഞു. പ്രക്ഷോഭം അടിച്ചമര്ത്താനുള്ള നീക്കങ്ങളില് തളരാതെ കൂടുതല് കടുപ്പിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെയും കോക്രോച്ച് ജനതാ പാര്ട്ടിയുടെയും തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യം മാര്ച്ച് നടത്തും. തുടര്പ്രക്ഷോഭ പ്രഖ്യാപനം വൈകില്ലെന്ന സൂചന നല്കുന്ന സാമൂഹിക മാധ്യമക്കുറിപ്പുമായി കോക്രോച്ച് ജനതാ പാര്ട്ടി (സി.ജെ.പി)യും രംഗത്തെത്തി.
രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില് ഇന്നു വീണ്ടും നേതാക്കളും പ്രവര്ത്തകരും പ്രക്ഷോഭരംഗത്തിറങ്ങും. ഇന്ന് ഉച്ചയ്ക്ക് 1.30നു സഖ്യത്തിന്റെ നേതൃത്വത്തില് സുപ്രീം കോടതിയിലേക്കു സമാധാനപരമായി മാര്ച്ച് നടത്തുമെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അറിയിച്ചു. വോട്ടര് പട്ടിക, തെരഞ്ഞെടുപ്പ് ക്രമക്കേടുകള് സംബന്ധിച്ച് ചീഫ് ജസ്റ്റിസിനു നിവേദനം നല്കുകയാണു ലക്ഷ്യം. വിദ്യാര്ഥികളെയും പ്രതിപക്ഷ പാര്ട്ടികളെയും ഇതര സംഘടനകളെയും മാര്ച്ചിലേക്കു സ്വാഗതം ചെയ്യുന്നതായി എക്സിലെ വീഡിയോയില് രാഹുല് ഗാന്ധി പറഞ്ഞു. 'വോട്ട് മോഷണ'ത്തിന് അവസാനം കുറിക്കാന് ഭയരഹിതരായി മാര്ച്ചില് അണിചേരാന് അദ്ദേഹം ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പു ക്രമക്കേടുകള് സംബന്ധിച്ച ആശങ്കകള് ധരിപ്പിക്കാന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ടെന്നു കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നു വൈകിട്ട് നാലിനും അഞ്ചിനുമിടയില് കൂടിക്കാഴ്ചയ്ക്കു സമയം തേടി കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെയും ഡല്ഹിയില് വന്പ്രതിഷേധം നടന്നു. കൊണാട്ട് പ്ലേസ് കേന്ദ്രീകരിച്ചായിരുന്നു പലവട്ടം സമരം അരങ്ങേറിയത്. പ്രതിഷേധിച്ച യുവാക്കളെ സുരക്ഷാസേന ക്രൂരമായി നേരിട്ടു. പ്രവര്ത്തകരെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്,ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, ഐസ, സി.ജെ.പി, ക്രാന്തികാരി യുവ സംഘടന് പ്രവര്ത്തകര് സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് ആദര്ശ് എം. സജി, ഡി.വൈ.എഫ്.ഐ. നേതാവ് ജെയ്ക് സി. തോമസ്, എ.ഐ.വൈ.എഫ്. ജനറല് സെക്രട്ടറി സുഖ്ജിന്ദര് മഹേശ്വരി, പ്രസിഡന്റ് റൗഷന് കുമാര് സിന്ഹ, എ.ഐ.എസ്.എഫ്. ജനറല് സെക്രട്ടറി ദിനേഷ് ശ്രീരംഗരാജ് ഉള്പ്പെടെ നിരവധി പ്രവര്ത്തകര്ക്ക് പോലീസ് നടപടിയില് പരുക്കേറ്റു.
കൊണാട്ട് പ്ലേസിന്റെ ഇന്നര് സര്ക്കിളില്നിന്നും രാജീവ് ചൗക്കില്നിന്നും ജന്തര്മന്ദറിലേക്ക് മാര്ച്ച് നടത്തിയ പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര് കസ്റ്റഡിയിലെടുത്തു. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആര്.കെ. ആശ്രമം മാര്ഗില് പ്രതിഷേധം നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ഐസ പ്രസിഡന്റ് നേഹ ബോറയെയും മറ്റ് പ്രതിഷേധക്കാരെയും വിജയ് ചൗക്കിന് സമീപം പോലീസ് കസ്റ്റഡിയിലെടുത്തു. ജയിലറയായി തിരിച്ച പോലീസ് വാഹനത്തിലും പ്രവര്ത്തകര്ക്കുനേരേ ക്രൂരമര്ദനമുണ്ടായി. അപ്രതീക്ഷിത സമരത്തിലൂടെ സുരക്ഷാസേനയ്ക്കു തലവേദനയായ നേഹാ ബോറ ഉള്പ്പെടെയുള്ളവരെ ബസിലെ ചെറിയ സെല്ലുകളില് അടച്ചതായി ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസത്തേതിനു സമാനമായി മാധ്യമപ്രവര്ത്തകരെയും പോലീസ് വെറുതേവിട്ടില്ല. തിരിച്ചറിയല് കാര്ഡുണ്ടായിട്ടും കേരളത്തില്നിന്നുള്ള ടെലിവിഷന്, പത്ര മാധ്യമപ്രവര്ത്തകര് ഉള്പ്പെടെയുള്ളവരെയാണ് സുരക്ഷാസേന പിടികൂടിയത്. വനിതകള് ഉള്പ്പെടെ പലരെയും റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില് കയറ്റിയത്. നടപടി ചോദ്യംചെയ്തവരോടു മൗനമായിരുന്നു പോലീസിന്റെ മറുപടി.




Comments