
ന്യൂഡല്ഹി: ജന്തര് മന്ദറില് 'കോക്രോച്ച് ജനതാ പാര്ട്ടി' (സി.ജെ.പി) നടത്താനിരുന്ന പ്രതിഷേധത്തിനു മുന്നോടിയായി ഗുരുഗ്രാമിലെ വസതിയില്നിന്ന് ഡല്ഹി പോലീസ് തന്നെ 'തട്ടിക്കൊണ്ടുപോയെന്ന്' യൂട്യൂബര് ധ്രുവ് റാഠി. മോചിതനായ ഉടന് സാമൂഹിക മാധ്യമത്തില് പങ്കുവച്ച വീഡിയോയിലാണ് റാഠി ഈ ആരോപണം തൊടുത്തത്. 'എന്നെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ അല്ല ചെയ്തത്, തട്ടിക്കൊണ്ടുപോകുകയായിരുന്നു.- റാഠി വീഡിയോയില് പറഞ്ഞു. പ്രതിഷേധത്തില് പങ്കെടുക്കാന് ശ്രമിക്കുന്ന വിദേശ പൗരനാണ് താനെന്ന റിപ്പോര്ട്ടുകളെ വിമര്ശിച്ചും പാസ്പോര്ട്ട് ഉയര്ത്തിക്കാട്ടിയും റാഠി തുടര്ന്നു: 'ഞാനൊരു ഇന്ത്യന് പൗരനാണ്. ഒരു സാധാരണ പൗരനുള്ള എല്ലാ അവകാശങ്ങളും എനിക്കുമുണ്ട്. കഴിഞ്ഞ 10-ന് രാവിലെ ഏഴോടെ, ഞാന് ഉറങ്ങിക്കൊണ്ടിരിക്കുമ്പോള് പുറത്ത് ചിലര് നടക്കുന്നത് കണ്ട് അമ്മ വാതില് തുറന്നു. അമ്മയെ 'തള്ളിയിട്ട്' ഏകദേശം 20 പേര് പെട്ടെന്ന് വീട്ടിലേക്ക് ഇരച്ചുകയറി. പോലീസ് ഉദ്യോഗസ്ഥരല്ല, സാധാരണ വസ്ത്രം ധരിച്ചവരായിരുന്നു അവര്. എനിക്ക് പ്രതികരിക്കാന് പോലും അവസരം ലഭിക്കുംമുമ്പ് അവര് എന്നെ തട്ടിക്കൊണ്ടുപോയി. 'തട്ടിക്കൊണ്ടുപോയി'എന്ന വാക്കുതന്നെയാണ് ഞാന് ഉപയോഗിക്കുന്നത്. കാരണം നടന്നത് അറസ്റ്റ് ആയിരുന്നില്ല. പ്രതിഷേധത്തിനു പോയിരുന്നെങ്കില് എന്നെ കസ്റ്റഡിയിലെടുക്കുമായിരുന്നു. എന്നാല്, 'തട്ടിക്കൊണ്ടുപോകാന്' ബാഡ്ജുകളോ തിരിച്ചറിയല് രേഖകളോ ഇല്ലാത്ത 'ഗുണ്ടകളെ'യാണ് അയച്ചതെന്നും ധ്രുവ് റാഠി ആരോപിച്ചു.'കിടപ്പുമുറിയില് നിന്ന് ഗോവണിയിലൂടെ താഴേക്ക് എന്നെ വലിച്ചിഴച്ചു. ചെരുപ്പ് ധരിക്കാന് പോലും പറ്റിയില്ല. എനിക്ക് പരുക്കേറ്റു. ശരീരത്തിലുടനീളം മുറിവുകളുണ്ട്. അഭിഭാഷകനെ കാണാനുള്ള അവസരം പോലും നല്കിയില്ല.- യൂട്യൂബര് പറഞ്ഞു.
ഒരു നിയമവും ലംഘിക്കാഞ്ഞിട്ടും സത്യത്തിനും രാജ്യത്തിന്റെ നന്മയ്ക്കും വേണ്ടി ശബ്ദമുയര്ത്തുകയും മികച്ചൊരു തെരഞ്ഞെടുപ്പ് കമ്മിഷന് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരിലാണ് ഈവിധം മര്ദിച്ചത്. ഏതെങ്കിലും ഒരു ജനാധിപത്യ രാജ്യത്തെക്കുറിച്ച് ഇങ്ങനെ യൊക്കെ നിങ്ങള് കേട്ടിട്ടുണ്ടോ?' ഇവിടെ നടക്കുന്നത് 'അനൗദ്യോഗിക അടിയന്തരാവസ്ഥ' ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഏകാധിപത്യ ഭരണകൂടമാക്കി മാറ്റുകയാണ്. എനിക്കിത് സംഭവിക്കാമെങ്കില്, നാളെ നിങ്ങള്ക്കും ഇത് സംഭവിക്കാം.- റാഠി ഓര്മിപ്പിച്ചു.
തീവ്ര വോട്ടര് പട്ടികാ പരിഷ്കരണ (എസ്.ഐ.ആര്) നടപടികളിലെ ക്രമക്കേടുകള് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര് മന്ദറില് പ്രതിഷേധം നടത്താനെത്തിയവരെ അവിടേക്ക് അടുപ്പിക്കാതെ കനത്ത സുരക്ഷാ ബന്ദവസാണ് ഡല്ഹി പോലീസ് തീര്ത്തത്. ഇതിനിടെയാണ് ശനിയാഴ്ച ഗുരുഗ്രാമിലെ സെക്ടര് 56-ലുള്ള വസതിയില് നിന്ന് റാഠിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലര്ച്ചെ മൂന്നോടെ അദ്ദേഹത്തെ വിട്ടയച്ചതായി ഉദ്യോഗസ്ഥര് അറിയിച്ചു. നിരോധനാജ്ഞ നിലനില്ക്കെ ജന്തര് മന്ദറിലെത്താന് ശ്രമിച്ചാല് റാഠിയെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് വൃത്തങ്ങള് വ്യക്തമാക്കി.അതിനിടെ, തടവിലാക്കപ്പെട്ടവരെ വിട്ടയച്ചില്ലെങ്കില് നിരാഹാര സമരം നടത്തുമെന്നു പ്രഖ്യാപിച്ച ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് റാഠി നന്ദി രേഖപ്പെടുത്തി.




Comments