'എം.ജി. റോഡ്' എന്നു പറയുമ്പോള് എന്താണ് നിങ്ങള്ക്ക് ഓര്മ വരുന്നത്?' ഗാന്ധിജയന്തി ദിനത്തില് ഒരു ചാനല് പ്രതിനിധി വഴിയില്ക്കണ്ട ഒരു വിദ്യാര്ഥിയോട് ചോദിച്ചു.
'ഇതിലെ 'എം' എന്താണെന്ന് അറിയില്ല. 'ജി' എന്നത് ഗാന്ധിയാണോ?' പയ്യന്റെ മറുചോദ്യം.
'പോട്ടെ! എം.ജി. കോളജ് എന്നു പറഞ്ഞാലോ?' ബ്ലീച്ചടിച്ചുപോയ ചാനലുകാരന് അടുത്ത ചോദ്യം വീശി.
'ഇതിലും 'എം' എന്താണെന്ന് പിടിയില്ല!' പയ്യന് സത്യം തുറന്നു പറഞ്ഞു.
ചാനല് പോയ ചാനലുകാരന് തല്ക്ഷണം സ്ഥലം കാലിയാക്കി.
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പേരിലുള്ള റോഡുകളുടെയും സ്മാരകങ്ങളുടെയും കാര്യത്തിലുള്ള പൊതുബോധം ഇങ്ങനെയാണെങ്കില് അധികമാരുമറിയാത്ത ടി.വി. പുരം, എസ്.എല്. പുരം, പട്ടം കോളനി തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് ആരോടും ഒന്നും ചോദിക്കാതിരിക്കുകയാവും ഭേദം!
'നായന്മാര് മൂല' എന്ന സ്ഥലത്തിന് 'നെയ്മര് മൂല' എന്ന ഇംഗ്ലീഷ് ബോര്ഡു വച്ചാലും ആര്ക്കും ഒരു ചുക്കും ചുണ്ണാമ്പുമില്ല. നെയ്മറുടെ പേരില് നാലുകാശുണ്ടാക്കാന് ഇതോടെ സ്കോപ്പുണ്ടാകുമെന്നു മാത്രം.
ഓര്മകളുടെ സുഗന്ധം
സ്മാരകങ്ങളുടെയും മറ്റും വലിയ പേരുകള് ചുരുക്കിയും രൂപഭേദം വരുത്തിയും ഉപയോഗിക്കുന്ന ശീലം ഇപ്പോള് വര്ധിച്ചുവരുന്നുണ്ടെന്നതില് സംശയമില്ല. ഇത്തരം ചുരുക്കെഴുത്തുകള്ക്ക് ഒരു പ്രായോഗിക സൗകര്യമുണ്ടെന്ന കാര്യവും സമ്മതിക്കുന്നു. പക്ഷേ, സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും റോഡുകളുടേയും പേരിനുപിന്നില് ചില ഓര്മകളുടെ സുഗന്ധം തങ്ങിനില്ക്കുന്നുണ്ട്.
നാടിന്റെ ചരിത്രവും സംസ്കാരവും സ്പന്ദിക്കുന്നുണ്ട്. ഇക്കാര്യം പലരും മറന്നുപോകുന്നു. എന്നെന്നും ഹൃദയത്തില് സൂക്ഷിക്കേണ്ട ചില മധുരസ്മൃതികളും പൈതൃകകഥകളും വെറും ചുരുക്കെഴുത്തുകളാക്കി മറവിയുടെ മൂലകളില് നിഷ്ക്കരുണം ഉപേക്ഷിക്കുന്നത് നന്നല്ല. ഇത് വരും തലമുറകളോടു കാണിക്കുന ക്രൂരമായ അപരാധമേല്ല?
എം.ജി. റോഡ് എന്നു പറയുമ്പോള് മഹാത്മാഗാന്ധി പിന്നിലാകുന്നില്ലേ?
എം.സി. റോഡ് എന്നു മാത്രം പറയുമ്പോള് മെയിന് സെന്ട്രല് റോഡ് കടന്നുപോകുന്ന ദേശങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും നാട്ടുവിശേഷങ്ങളും ഇല്ലാതാകുന്നില്ലേ?
ഗ്രാമീണപദങ്ങള്ക്കു പകരം പൊതുവായ പദങ്ങള്, നാട്ടുവഴികള്ക്ക് പകരം ഒരേ മാതൃകയിലുള്ള റോഡുകള്, നാട്ടുപേരുകള്ക്ക് പകരം ചുരുക്കപ്പേരുകള്, പ്രാദേശിക പ്രയോഗങ്ങള്ക്ക് പകരം ഡിജിറ്റല് ചുരുക്കെഴുത്തുകള് എന്നിവ നിറയുമ്പോള് വൈവിധ്യത്തിന്റെ സൗന്ദര്യം നശിക്കുകയും നമ്മുടെ ലോകം കൂടുതല് ചിന്താദരിദ്രവും വിരസവുമായി മാറുകയില്ലേ?
കുറ്റിപ്പുറം പാലവും ശങ്കരന്റെ പാലവും
ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കരുത്. ഒരു റോഡിന് ഒരു വ്യക്തിയുടെ പേര് നല്കിയിട്ടുണ്ടെങ്കില് ആ വ്യക്തിയെക്കുറിച്ച് അടുത്ത തലമുറയ്ക്ക് അറിയാനുള്ള വാതിലാണത്. ഒരു ചരിത്രസംഭവവുമായി ബന്ധപ്പെട്ട പേരാണെങ്കില് ആ സംഭവത്തെ ഓര്ക്കാനുള്ള മാര്ഗമാണത്.
അതേസമയം ഒരു പേരിനെ സൗകര്യാര്ത്ഥം ചുരുക്കുമ്പോള് പേരിനു പിന്നിലെ കഥകളും കണ്ണീരും സ്വപ്നങ്ങളും ചുരുങ്ങിപ്പോകുന്നു. കുറ്റിപ്പുറം പാലം ഉദാഹരണം. ഇതേ പേരില് ഇടശേരിയുടെ കവിതയുണ്ട്. ഒരു നിര്മിതിയെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യ സൃഷ്ടിയാണത്.
കണ്ണും മൂക്കുമില്ലാത്ത വികസനം നാട്ടുനന്മകളെ എങ്ങനെ ഇല്ലാതാക്കുന്നെന്ന് ഈ കവിത പറഞ്ഞുതരുന്നു. മഹാകവി ഇടശേരിയുടെ പേരില് അറിയപ്പെടേണ്ട ഈ പാലത്തെ 'ഓള്ഡ് ബ്രിഡ്ജ്' എന്നാക്കി മാറ്റിയിട്ടുണ്ടെന്നാണ് കേള്ക്കുന്നത്.
ഈ പാലത്തിന് ഇടശേരിയുടെ പേരിട്ടിരുന്നെങ്കില് ആ പേരിനേയും നമ്മള് ഭീകരമായി ചുരുക്കിക്കളയുമായിരുന്നു.
നമ്മള് ചിരപരിചിതത്വം മൂലം അവഗണിച്ച്, പേരുപോലും ഇല്ലാതാക്കിയ ഒരു പാലത്തിന്റെ കാര്യവും ഓര്മവരുന്നു. ഭാരതം മുഴുവന് ഖ്യാതി നേടിയ ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയിലെ പെരിയാറിന് കുറുകെയുള്ള ഈ പാലത്തിന്റെ പേര് 'ആദിശങ്കര ബ്രിഡ്ജ്' എന്നായിരുന്നെന്ന് നാട്ടുകാര്ക്കുപോലും ഇപ്പോഴറിയില്ല. ഇവിടുത്തെ ചാനലുകളും പത്രങ്ങളുമൊക്കെ അതിനെ 'കാലടിപ്പാലം' എന്നാണ് വിളിക്കുന്നത്! ആ പാലത്തിന്റെ ഫലകം പോലും ഇപ്പോള് കാണാന് സാധിക്കുന്നില്ല.
ഭാരതമെങ്ങും മലയാളിയുടെ യശ്ശസുയര്ത്തിയ ശങ്കരാചാര്യരെ നമ്മള് പണ്ടേ മറന്നുകഴിഞ്ഞേല്ലാ. അവിടെ സ്ഥാപിക്കപ്പെട്ട ശങ്കരാചാര്യ സംസ്കൃത സര്വകലാശാല ഇപ്പോള് വെറും 'കാലടി സര്വകലാശാല' മാത്രമാണ്! ശങ്കരാചാര്യരെ പല്ലുംനഖവും ഉപയോഗിച്ച് എതിര്ക്കുന്ന വലിയ ബുദ്ധിജീവികള്ക്ക് അന്നം കൊടുക്കുന്ന ഒരു പ്രസ്ഥാനമായി അത് ചുരുങ്ങിയിരിക്കുന്നു.
ഇനി, ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന 'ഫാക്ട്' എന്ന സ്ഥാപനത്തിന്റെ കാര്യം നോക്കാം. തിരുവിതാംകൂര് ദിവാന് സര്.സി.പി. രാമസ്വാമി അയ്യര് തുടങ്ങിയ ഈ സംരഭത്തിന്റെ സ്ഥാപകദിനം അടുത്തയിടെ ആഘോഷിച്ചപ്പോള് പരിപാടിയില് പങ്കെടുത്ത പ്രമുഖ നേതാവ് ചോദിച്ചത് ഈ ചടങ്ങില് സി.പിയെ സ്മരിക്കുന്നത് എന്തിനാണെന്നാണ്! 'ഫാക്ടി'ന്റെ ചരിത്രം പോലും പിടിയില്ലാത്ത അദ്ദേഹം ചുരുക്കെഴുത്തുകളിലൂടെ മാത്രം കാര്യവിചാരം ചെയ്യുന്ന ഒരാളാണെന്ന് സാരം!
ഈ സ്ഥാപനത്തിന്റെ മുഴുവന് പേരെന്താണെന്ന് അദ്ദേഹത്തോടു ചോദിക്കരുത്.
ചിലത് ചുരുക്കാം!
വിപുലീകരണം ആവശ്യമില്ലാത്ത ചുരുക്കെഴുത്തുകളും ഉണ്ടെന്നത് മറ്റൊരു കാര്യം. പ്രശസ്തനായ ഒരു അദ്ധ്യാത്മിക ഗുരു അറിയപ്പെടുന്നത് 'ശ്രീ എം' എന്നു മാത്രമാണ്. ശ്രീമദ് ഭഗവദ്ഗീതയ്ക്ക് വ്യാഖ്യാനം എഴുതിയ പഴയകാല തത്വചിന്തകന്റെ പേരും 'എം' എന്നായിരുന്നു.
വി.കെ.എന്, ടി.ആര്, ഐ.കെ.കെ.എം, എം.ആര്.ബി, എ.കെ.ജി, ഇ.എം.എസ് എന്നിവരുടെ പേരുകള് വലുതാക്കേണ്ടതില്ലേല്ലാ. അങ്ങനെ ചെയ്യുന്നതാണ് അപഹാസ്യം. ഒട്ടും ചുരുക്കിയെഴുതപ്പെട്ടിട്ടില്ലാത്ത ഒരു സംഘടന നമുക്കുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്! എന്നാല് പുരോഗമന കലാ സാഹിത്യ സംഘം എന്ന മനോഹരമായ പേര് 'പു ക സ' എന്നാണ് അറിയപ്പെടുന്നത്! അതേസമയം 'കെ.പി.എ.സി.' എന്ന പ്രശസ്ത നാടക സമിതിയാണ് 'കേരള പീപ്പിള്സ് ആര്ട്സ് കബ്ബ്്' എന്നു പറഞ്ഞാല് പലര്ക്കും പിടികിട്ടുകയുമില്ല!
'മ രാ രാ.' എന്നൊരു ചുരുക്കെഴുത്ത് പഴയകാലത്ത് ധാരാളം കാണുമായിരുന്നു. 'മഹാരാജാ രാജാധിരാജന്' എന്നര്ത്ഥം.
വരുന്നു,
ഇമോജനം!
പുതിയ കാലത്തെ കഥ ഇതൊന്നുമല്ല.
സോഷ്യല്മീഡിയയുടെ ആകാശത്തെ സൂര്യന് ഒരിക്കലും അസ്തമിക്കുന്നില്ല. ഇവിടെ കാലത്തിന്റെ ചുവരെഴുത്തുകള് 'മംഗ്ലീഷ്' ചുരുക്കെഴുത്തുകളാണ്, ഇമോജികളാണ്. സന്തോഷങ്ങളും സന്താപങ്ങളും പ്രണയവും വെറുപ്പുമെല്ലാം വെളിച്ചപ്പെടുന്നത് ഈ വെങ്കലഭാഷയും ചിഹ്നങ്ങളും വഴിയാകുന്നു.
സോറി, പ്ലീസ്, നന്ദി, ആദരാഞ്ജലികള്, ശുഭരാത്രി, സുപ്രഭാതം എന്നിവയ്ക്കെല്ലാം ഒന്നാംതരം ചുരുക്കെഴുത്തുകളും ഇമോജികളുമുണ്ട്.
ജപ്പാനിലെ ഒരു ടെലികോം കമ്പനിയുടെ മൊബൈല് ഇന്റര്നെറ്റ് പ്ലാറ്റ്?ഫോമിനു വേണ്ടി തയാറാക്കപ്പെട്ട ഇമോജികള് ഇന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യര് ഉപയോഗിക്കുന്ന ഒരു സാര്വത്രിക ഡിജിറ്റല് ഭാഷയായി മാറിക്കഴിഞ്ഞതിനാല് സ്ഥാനത്തും ആസ്ഥാനത്തും ഇവയെ ഉപയോഗിക്കുന്ന അവസ്ഥയെ 'ഇമോജനം' എന്ന് പറഞ്ഞാലോയെന്ന് ആലോചിക്കുകയാണ്!
അങ്ങനെയെങ്കില് മലയാളഭാഷയ്ക്ക് ഒരു പ്രയോഗം സംഭാവന ചെയ്തു എന്ന കൃതാര്ത്ഥത നമുക്കുണ്ടാവും.
നവരസങ്ങളെല്ലാം ഇമോജന പ്രക്രിയയിലൂടെ ഫോണില് മിന്നല്വേഗത്തില് നിറയുന്നു. കരളുരുകി, കഷ്ടപ്പെട്ട് ഒന്നും എഴുതിനിറക്കേണ്ട കാര്യമില്ല!
പെറ്റതള്ള മരിച്ചാലും ഇമോജിയുടെ സഹായം കൊണ്ട് സങ്കടവും സന്തോഷവും ഉലകമെങ്ങും പകരാം. ഒരിറ്റു കണ്ണീര് നമ്മള് വ്യര്ത്ഥമാക്കേണ്ടതില്ല. അമ്മയെ തല്ലുന്നവര്ക്കും വന്ദേമാതരം പാടാത്തവര്ക്കും ഇമോജനം തന്നെ ആശ്രയം.
എങ്കിലും ഇമോജികള്ക്ക് സ്വന്തമായി ഒരു സമ്പൂര്ണ വ്യാകരണം ഇല്ലെന്നതും ഒറ്റയ്ക്ക് ഉപയോഗിക്കുമ്പോള് അവയുടെ ഘടനാപരമായ സാധ്യതകള് പരിമിതമാണെന്നതും ഇമോജനത്തിന്റെ കുറവുകളാണ്.
പുതിയ തലമുറയുടെ പദസമ്പത്ത്, അക്ഷരപരിചയം എന്നിവയെല്ലാം ഈ തീവ്ര ഇമോജനം മൂലം ഇല്ലാതാകാന് സാദ്ധ്യതയുണ്ട്. ഭാഷ എന്നത് ആശയം കൈമാറാനുള്ള വെറും ഉപകരണം മാത്രമല്ല, അതിന് ഒരു ലിപിയും ശബ്ദഘടനയും പദസമ്പത്തും സാഹിത്യപാരമ്പര്യവും ചരിത്രവും ഉണ്ടേല്ലാ.
ഇപ്രകാരിമാക്കെയാണെങ്കിലും 'മംഗ്ലീഷ്' ചുരുക്കെഴുത്തുകളും ഇമോജികളും വേണ്ടെന്നല്ല പറഞ്ഞുവരുന്നത്. ഇമേജ് ബില്ഡിങ്ങിന് ഇവയെല്ലാം ആവശ്യമാണ്.
പെട്ടെന്നുള്ള ആശയവിനിമയത്തിന് ഇമോജികളെ വെല്ലാന് മറ്റാരുമില്ല. മലയാളം കീബോര്ഡ് ഉപയോഗിക്കാന് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ് മംഗ്ലീഷും ഇമോജികളും ശരിയായ രക്ഷകരാകുന്നത്.
ഈ സംഗതികള് ഒരു പുതിയ ആശയവിനിമയ ശൈലിയായി നിലനില്ക്കണം. മലയാളഭാഷയുടെ പകരക്കാരായി ഇവര് മാറാതെ നോക്കണമെന്നു മാത്രം.
നഗരമേ,
നന്ദി!
ലാന്ഡ്?ഫോണ് പോകുകയും കത്തുകള് കുറയുകയും ചെയ്തപ്പോഴഴാണ് ദീര്ഘസംഭാഷണങ്ങളും നീണ്ട എഴുത്തുകളും പ്രണയലേഖനങ്ങളും ഇല്ലാതായത്.
ഇതായിരുന്നു മാറ്റങ്ങളുടെ തുടക്കം. ഈ ദശാസന്ധിയില് ചുരുക്കെഴുത്തുകളും 'മംഗ്ലീഷും' പലതരം ഇമോജികളും പിറവിയെടുത്തു. സമയത്തിന്റെ വിലയും വേഗവും വര്ധിച്ചു. മിണ്ടാനും പറയാനും നേരമില്ലാതായി. ഇതൊക്കെ പുരോഗതിയുടെ ലക്ഷണങ്ങളാണ്.
പക്ഷേ, പുരോഗതിയുടെ അര്ത്ഥം മനുഷ്യന്റെ എല്ലാ പഴയ ശീലങ്ങളും തീര്ത്തും ഉപേക്ഷിക്കുകയെന്നതല്ല. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയ ചില ശീലങ്ങള് നവസാങ്കേതികവിദ്യയോടൊപ്പം നിലനിര്ത്തേണ്ടതേല്ല?
ഇമോജനവും ചുരുക്കെഴുത്തുകളും ചേര്ന്ന്
ലോകത്തെ ഒരേ അച്ചിലിട്ടു വാര്ത്തെടുക്കുമ്പോള് സ്വാര്ത്ഥത നിറഞ്ഞ ഏകമുഖ നഗരകമ്പോള വ്യവസ്ഥ ഉരുത്തിരിയുമെന്നതില് സംശയമില്ല.
ഇത് സംഭവിക്കാന് പോകുന്ന അവസ്ഥയാണ്.
ഇനി കാണാന് പോകുന്ന പൂരമാണ്.
അത് പറഞ്ഞറിയിക്കേണ്ട കാര്യമില്ല.







Comments