
മീററ്റ്: ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ മൃതദേഹത്തിനരികെ പാമ്പിനെ വെച്ച കേസിൽ ഭാര്യയ്ക്കും കാമുകനും മീററ്റിലെ കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു. കേസിനെ "അപൂർവ്വങ്ങളിൽ അപൂർവ്വം" എന്നാണ് കോടതി വിശേഷിപ്പിച്ചത്. മീററ്റ് കോടതി ഒരേ കാലയളവിൽ രണ്ട് ഞെട്ടിക്കുന്ന കൊലപാതക കേസുകളിലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ‘ബ്ലൂ ഡ്രം’ കേസിലും ഇതേ കോടതി ഭാര്യയ്ക്കും ഭർത്താവിനും വധശിക്ഷ വിധിച്ചിരുന്നു.
അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ്-12 കോടതി ഒക്ടോബർ 7-നാണ് പ്രതികളായ രവിത, അയൽവാസിയായ അമർദീപ് എന്നിവരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി പ്രസ്താവിക്കവെ, ഹിന്ദു പാരമ്പര്യത്തിൽ ഭാര്യയെ ഭർത്താവിന്റെ "അർദ്ധാംഗിനി" (ശരീരത്തിന്റെ പകുതി) എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് കോടതി ഓർമ്മിപ്പിച്ചു. സ്വന്തം ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സർവ്വതും ചെയ്ത സാവിത്രിയെക്കുറിച്ചും കോടതി പരാമർശിച്ചു.
അക്ബർപൂർ സാദത്ത് ഗ്രാമത്തിലെ വസതിയിൽ 2025 ഏപ്രിൽ 12-നാണ് അമിത് കശ്യപ് (മിിക്കി) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് താഴെയായി പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് കുടുംബം ആദ്യം സംശയിച്ചിരുന്നു. എന്നാൽ, അമിതിന്റെ കഴുത്തിലെ മുറിവുകളും ശരീരത്തിലെ പോറലുകളും സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ, ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത് പ്രകാരം, രവിതയും അമർദീപും തമ്മിൽ പ്രണയത്തിലായിരുന്നു. അമിതിനെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. അമിതിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, അന്വേഷണം വഴിതിരിച്ചുവിടാനും കുറ്റം മറച്ചുവെക്കാനും ഇരുവരും ചേർന്നാണ് മൃതദേഹത്തിനരികെ പാമ്പിനെ വെച്ചത്. പിന്നീട്, പിടികൂടി പാത്രത്തിലാക്കിയ പാമ്പിനെ പരിശോധിച്ച പാമ്പുപിടുത്തക്കാർ, അതിൽ വിഷസഞ്ചി നീക്കം ചെയ്തതായി റിപ്പോർട്ട് നൽകി. ഇതോടെ പാമ്പുകടിയേറ്റാണ് മരണമെന്ന വാദം പൂർണ്ണമായും തള്ളപ്പെട്ടു.
പാമ്പിനെ നൽകിയ ആളെയടക്കം ചോദ്യം ചെയ്ത ശേഷമാണ് പോലീസ് രവിതയെയും അമർദീപിനെയും അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പ്രതികളുടെ മൊബൈൽ ഫോൺ രേഖകളുമാണ് കേസിൽ നിർണ്ണായകമായതെന്ന് ആഡീഷണൽ ഡിസ്ട്രിക്റ്റ് ഗവൺമെന്റ് കൗൺസൽ ഫർസാന പറഞ്ഞു. അമിതിന്റെ മരണശേഷം നാല് ദിവസത്തിനിടെ രവിതയും അമർദീപും 70-ലധികം തവണ ഫോണിൽ സംസാരിച്ചിരുന്നു.
മറ്റൊരു ഫോൺ നമ്പർ വഴി ഇരുവരും തമ്മിൽ 500-ലധികം തവണ ബന്ധപ്പെട്ടതായും അന്വേഷണസംഘം കണ്ടെത്തി. ജാഗൃതി വിഹാർ സ്വദേശിയായ സോനു എന്നയാളുടെ പേരിലുള്ളതായിരുന്നു ഈ സിം കാർഡ്. എന്നാൽ താൻ ഈ നമ്പർ ഉപയോഗിച്ചിട്ടില്ലെന്നും പ്രതികളെ അറിയില്ലെന്നും സോനു കോടതിയിൽ മൊഴി നൽകി.







Comments