
കണ്ണൂർ: സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് താൽപ്പര്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ സർക്കാർ അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ആർഎസ്എസ് താൽപ്പര്യങ്ങൾ അംഗീകരിച്ച് നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ സിപിഎമ്മിന്റെ വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ആർഎസ്എസ് താൽപ്പര്യങ്ങൾ സർക്കാർ വാശിയോടെ നടപ്പാക്കുകയാണെന്നും സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിലുമെല്ലാം ഇത് പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയെ കാവിവൽക്കരിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഇതിനായി പൊതുവിദ്യാഭ്യാസ മേഖലയെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും ഉപയോഗിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
ഇടതുസർക്കാർ അധികാരത്തിലിരിക്കെ ബിജെപി ഒഴികെയുള്ളവർ പി.എം. ശ്രീ പദ്ധതിയെ എതിർത്തിരുന്നുവെന്നും യുഡിഎഫും അന്ന് എതിർപ്പ് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ പദ്ധതി നടപ്പാക്കുന്നതിനാണ് യുഡിഎഫ് സർക്കാർ മുൻഗണന നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചാൻസലർമാരെ ഉപയോഗിച്ച് കാവിവൽക്കരണത്തിന് ശ്രമം നടക്കുകയാണെന്നും വൈസ് ചാൻസലർമാരുടെ നിയമനവും സർവകലാശാലകളിലെ വിവിധ സമിതികളിലേക്കുള്ള നിയമനങ്ങളും ചാൻസലറുടെ താൽപ്പര്യപ്രകാരമാണ് നടക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
കിഫ്ബി ഭൂമി ഏറ്റെടുത്ത നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. കണ്ണൂരിൽ ഭൂമി കണ്ടെത്തിയത് വികസന ആവശ്യങ്ങൾക്കായാണെന്നും ഭൂമി ഏറ്റെടുക്കലിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. വികസനത്തെ അട്ടിമറിക്കാനാണ് കേരളത്തിൽ ശ്രമം നടക്കുന്നത്. കിഫ്ബിയെ തെറ്റായി ചിത്രീകരിക്കുകയാണ്. കണ്ണൂരിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം എന്തിനാണ് ഇത്രയും എതിർപ്പെന്നും കണ്ണൂരും തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും കേരളത്തിന്റെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു.







Comments