
തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വൻ നിയമന നീക്കവുമായി ആരോഗ്യവകുപ്പ്. മെഡിക്കൽ കോളേജുകളിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 800-ഓളം ഡോക്ടർമാരെ നിയമിക്കാൻ ശുപാർശ നൽകി. ഇതുൾപ്പെടെ ആരോഗ്യവകുപ്പിൽ ആകെ 1,800 ഡോക്ടർമാരുടെ നിയമനത്തിനാണ് ശുപാർശ നൽകിയിരിക്കുന്നത്. നിയമന നടപടികൾക്കായി ആരോഗ്യവകുപ്പ് ധനകാര്യവകുപ്പിനെ സമീപിച്ചു. നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയ തസ്തികകളിലായി ആയിരത്തോളം പേരെ നിയമിക്കാനും ശുപാർശയുണ്ട്.
1960-ന് ശേഷമുള്ള ഏറ്റവും വലിയ നിയമന ശുപാർശയാണിതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കെ. മുരളീധരൻ മുഖ്യമന്ത്രിയോട് നിയമന ശുപാർശ സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു. അനുകൂല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ആരോഗ്യവകുപ്പ് നിയമന ശുപാർശകൾ സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, പിഴവുകൾ മറച്ചുവയ്ക്കാതെ ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും പ്രവർത്തിക്കുന്ന തൊഴിൽ സംസ്കാരം ഡോക്ടർമാർ വളർത്തിയെടുക്കണമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ 2020 എംബിബിഎസ് ബാച്ചിന്റെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധമായി ജോലി ചെയ്താലും ചിലപ്പോൾ വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നും പാവപ്പെട്ട രോഗികളുടെ ആശ്വാസകേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യാൻ യുവഡോക്ടർമാർ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.







Comments