
മധ്യപ്രദേശിലെ അജ്നാർ നദി വൃത്തിയാക്കാൻ മാസങ്ങളോളം പരിശ്രമിച്ച പരിസ്ഥിതി പ്രവർത്തകൻ ബിട്ടു തബാഹിക്ക് വീണ്ടും നിരാശ. നദീതീരത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്ഥാപിച്ച ചവറ്റുകുട്ടകളിൽ ഒന്ന് മോഷണം പോയതാണ് യുവാവിനെ വിഷമത്തിലാക്കിയത്. നദി വൃത്തിയാക്കാനുള്ള ശ്രമങ്ങൾക്കിടെ നേരിടുന്ന പുതിയ തിരിച്ചടിയുടെ വിവരം ബിട്ടു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലൂടെ ഒഴുകുന്ന അജ്നാർ നദി വൃത്തിയാക്കാൻ എട്ട് മാസത്തോളം ബിട്ടു പരിശ്രമിച്ചിരുന്നു. എന്നാൽ നദി വൃത്തിയാക്കിയിട്ടും തീരത്ത് വീണ്ടും പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും കുമിഞ്ഞുകൂടാൻ തുടങ്ങി. മാലിന്യം വീണ്ടും നദിയിലേക്ക് വലിച്ചെറിയുന്നത് തടയാനും ജനങ്ങൾക്ക് ശരിയായ രീതിയിൽ മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കാനുമായി നദീതീരത്ത് രണ്ട് ചവറ്റുകുട്ടകൾ സ്ഥാപിക്കുകയായിരുന്നു.
എന്നാൽ പിന്നീട് സ്ഥലത്തെത്തിയപ്പോൾ രണ്ടിൽ ഒരെണ്ണം കാണാനില്ലെന്ന് ബിട്ടു കണ്ടെത്തി. ജനങ്ങളുടെ സൗകര്യത്തിനായി സ്ഥാപിച്ച ചവറ്റുകുട്ടയാണ് മോഷണം പോയതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ അറിയിച്ചു. സ്വന്തം ആവശ്യത്തിനല്ല, നദി വീണ്ടും മലിനമാകാതിരിക്കാനും ആളുകൾക്ക് മാലിന്യം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാനുമാണ് ഇവ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നദി വീണ്ടും മലിനമായതിൽ നേരത്തെയും നിരാശ പ്രകടിപ്പിച്ചിരുന്ന ബിട്ടു, അതിനുശേഷം വീണ്ടും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മാലിന്യം വലിച്ചെറിയുന്നത് തടയാനുള്ള ശ്രമത്തിനും തിരിച്ചടിയായത്. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ബിട്ടുവിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.







Comments