
പത്തനംതിട്ട: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ മുന്‍മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. എസ് ഐ ടി തലവന്‍ യു പ്രേമന്റെ നേതൃത്വത്തിലുളള സംഘമാണ് മൊഴിയെടുത്തത്. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും.
വീണാ ജോര്‍ജിന്റെ ഗണ്മാന് എം.എസ്. അഭിലാഷിന്റെയും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുക്കാരുടെയും മൊഴി എസ്.ഐ.ടി. നേരത്തെ രേഖപ്പെടുത്തിയിരുന്നു.
കെഎസ്യു കണ്ണൂര്‍ പ്രസിഡന്റ് എം.സി. അതുല്‍, വി.വി. അക്ഷയ്, ബിതുല്‍ ബാലന്, സി.എച്ച്.മുബാസ്, അഹമ്മദ് യാസിന് എന്നിവര്‍ക്കെതിരേയാണ് വധശ്രമം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മന്ത്രിക്ക് പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് റെയില്‍വേ പോലീസ് ആദ്യം കേസെടുത്തത്.
2026 ഫെബ്രുവരി 25-നാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോര്‍ജിനെതിരേ കെ.എസ്.യു. പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. 'കൊല്ലെടാ' എന്ന് ആക്രോശിച്ച് എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ചു എന്നായിരുന്നു എഫ്.ഐ.ആര്. ഒപ്പം മന്ത്രിയുടെയും ഗണ്‍മാന്റെയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും റെയില്‍വേ സ്റ്റേഷന് പരിസരത്ത് അതിക്രമിച്ച് കയറി പ്രശ്നങ്ങളുണ്ടാക്കിയതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വകുപ്പുകള്‍ ചുമത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഇവര്‍ റിമാന്‍ഡിലായി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കെഎസ്യു പ്രവര്‍ത്തകരുടെ പരാതിയിലാണ് സംഭവത്തില്‍ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.







Comments