
തിരുവനന്തപുരം: കണ്ണൂരില്‍ അധികവിലയ്ക്ക് ഭൂമിവാങ്ങല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന് ഇടപെട്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ സ്ഥലം ഏറ്റെടുക്കലില്‍ അടിയന്തിര നടപടിക്ക് നിര്‍ദേശം നല്കി അഭിപ്രായം രേഖപ്പെടുത്തിയ കിഫ്ബി ബോര്‍ഡ് രേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കിഫ്ബി ബോര്‍ഡിന്റെ യോഗ മിനിട്സാണ് പുറത്തുവന്നത്.
കണ്ണൂരില്‍ ഏക്കറിന് 2.5 കോടി രൂപയും പാലക്കാടില്‍ ഏക്കറിന് 1 കോടി രൂപയുമാണ് കിന്‍ഫ്ര നിശ്ചയിച്ചത്. കിഫ്ബിയുടെ സഹായത്തോടെ രണ്ട് ജില്ലകളിലുമായി ഘട്ടം ഘട്ടമായി ഏകദേശം 1000 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. സാധാരണ വിലയുടെ അഞ്ചിരട്ടി തുക നല്കി ഭൂമി ഏറ്റെടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് വിദഗ്ധ സമിതി നേരത്തെ വിലയിരുത്തിയിരുന്നു. വ്യവസായ വികസനം ലക്ഷ്യമിട്ട് അടിയന്തരമായി ഭൂമി ഏറ്റെടുത്തുവെങ്കിലും, കണ്ണൂരിലെ ഈ ഭൂമിയില്‍ പിന്നീട് യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
2018 ഒക്ടോബര്‍ 25-ന് കിഫ്ബി സിഇഒ ഡോ. കെ.എം. അബ്രഹാം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കിഫ്ബി ബോര്‍ഡിന്റെ 33-ാം യോഗത്തിന്റെ മിനിട്സും അജണ്ടയുമാണ് പുറത്തുവന്നത്. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകരുതെന്നും പിണറായി വിജയന് അഭിപ്രായപ്പെട്ടതായി രേഖകളില്‍ പറയുന്നു. എയര്‍പോര്‍ട്ട് പരിസര വികസനം, വലിയ ഹോട്ടലുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ഒരുതരത്തിലും തടസ്സമാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.







Comments