
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളോട് തുറന്നു പറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കണമെന്നും മുഖ്യമന്ത്രിയുടെ വിമാനയാത്രയില്‍ ജനങ്ങള്‍ക്ക് ഒരു സംശയം ഉണ്ടാകാന്‍ പാടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്ന ആവശ്യത്തിനായി ഇന്ന ആളിനൊപ്പം പോയതാണ് എന്ന പറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കണമെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
സർക്കാരിന്റെ പല തീരുമാനങ്ങളും താൻ അറിഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അടൂര്‍പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിക്ക് താല്പര്യമില്ലാതെയാണോ തന്നെ യുഡിഎഫ് കൺവീനർ ആക്കിയതെന്ന് സംശയവും ഉണ്ടെന്നും പറഞ്ഞു. ഒരേ വേദിയില്‍ ഒരുമിച്ച് ഉണ്ടായിട്ടും വി ഡി സതീശന് ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രതിനിധിയെയും ഭരണപരിഷ്കാര കമ്മീഷന്റെ ചെയര്‍മാനെയും നിയമിച്ച ക്യാബിനറ്റ് തീരുമാനം പറഞ്ഞില്ല. പിറ്റേന്ന് പത്രവാര്‍ത്തകളിലൂടെയാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞതെന്നും വിമര്‍ശിച്ചു.
ക്യാബിനറ്റ് എടുക്കുന്ന എല്ലാ തീരുമാനവും യു ഡി എഫ് കണ്‍വീനറെ അറിയിക്കണമെന്നില്ല. പക്ഷെ എന്തൊക്കെ കാര്യങ്ങള്‍ അറിയിക്കണം എന്തൊക്കെ പാടില്ല എന്നത് സംബന്ധിച്ച് ഒരു സാമാന്യബോധം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിച്ചിട്ടുപോലും നാളിതുവരെ യു ഡി എഫ് യോഗം വിളിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയുമില്ല. ചെയര്മാന് എന്ന നിലയില്‍ മുഖ്യമന്ത്രിയാണ് സാധാരണഗതിയില്‍ യോഗം വിളിക്കാറുള്ളതെന്നും പറഞ്ഞു.
വിമര്‍ശിച്ചതിന്റെ പേരില്‍ പുകച്ച് പുറത്ത് ചാടിക്കാനാണ് ശ്രമമെന്നും അടൂര്‍പ്രകാശ് പറഞ്ഞു. കെ സുധാകരനെ പുകച്ച് പുറത്തു ചാടിച്ചതിനു പിന്നിൽ ഉപചാപക സംഘമായിരുന്നു. അതേനീക്കം തനിക്കെതിരേ നടക്കുന്നെന്നും പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ ഒരാള്‍ നിരന്തരം വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് സംശയിക്കണം എന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. മാത്യു കുഴല്നാടന് നടത്തുന്ന മുഖ്യമന്ത്രി വിമര്‍ശനത്തിന് പിന്നില്‍ അടൂര്‍ പ്രകാശാണെന്ന സൂചനയാണ് മുരളീധരന് പറഞ്ഞത്. ഇക്കാര്യം വി.ഡി. സതീശന് പക്ഷവും നടത്തുന്നുണ്ട്.







Comments