
തിരുവനന്തപുരം: ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ കോവളത്തെ വിവിധ സ്പാകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ ആണ് നടപടി സ്വീകരിച്ചത്. അതീവ ഗൗരവകരമായ സംഭവമാണിതെന്നും പെൺകുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
പെൺകുട്ടിയെ ഒരു വർഷം മുമ്പാണ് കോവളത്ത് എത്തിച്ചത്. അച്ഛനും അമ്മയും മരിച്ചുപോയതിനെ തുടർന്ന് ജോലിക്കെത്തിയതാണ് എന്നു പറഞ്ഞാണ് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും ഇവരുടെ ആൺസുഹൃത്ത് ഗോപിയും ചേർന്ന് കുട്ടിയെ കോവളത്തെത്തിച്ചത്. തുടർന്ന് പ്രതികളുടെ സ്പാകളിലും മറ്റിടങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നു. ഒരുവർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പീഡനം സഹിക്കവെയ്യാതെ, സ്പായിൽ തന്നെയുള്ള ആൺസുഹൃത്തായ കാട്ടാക്കട സ്വദേശിയോടൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.
നാഗലക്ഷി, ഗോപി എന്നിവരും രണ്ട് സ്പാ ഉടമകളുമാണ് നിലവിൽ അറസ്റ്റിലായത്. ബിനാമി ഇടപാട് ആണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗര സഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടരുടെ പങ്കിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാള് അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദർശകനുമാണ്. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പാരേഡ് നടത്തുമെന്ന് പോലീസ് പറഞ്ഞു.







Comments