
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജയിൽ അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഫോൺ കണ്ടെത്തിയത്. ജയിൽ വകുപ്പ് ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജയിലിലെ സി.ഡി ബ്ലോക്കിലുള്ള ആറാം നമ്പർ സെല്ലിന് പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. കീപാഡുള്ള സാധാരണ ഫോണാണ് കണ്ടെത്തിയത്. ഫോണിൽ സിം കാർഡ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ഫോൺ ഉപയോഗിച്ച തടവുകാരനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി ഉപകരണം സൈബർ സെല്ലിന് കൈമാറും. മുൻപ് ഉപയോഗിച്ച സിം കാർഡുകൾ, വിളിച്ച നമ്പറുകൾ എന്നിവയും പരിശോധിക്കും.
ജയിലിൽ തുടർച്ചയായി മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും കണ്ടെത്തുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ തടയാൻ സംസ്ഥാനത്തെ ജയിലുകളിൽ നിർമിതബുദ്ധി കാമറകളും ഡ്രോണുകളും ഉൾപ്പെടെയുള്ള ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള പദ്ധതിയും ജയിൽ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തിയത്.







Comments