
ആലപ്പുഴ: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും വിവിധ മേഖലകളിൽനിന്ന് ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. നവംബർ പകുതിയോടെയോ മാസാവസാനത്തോടെയോ നയം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നാല് മുതൽ അഞ്ച് ദിവസം വരെ വിവിധ വിഭാഗങ്ങളുമായി കൂടിയാലോചനകൾ നടത്തി. മദ്യവിരുദ്ധ സമിതികൾ, ലഹരിവിരുദ്ധ സംഘടനകൾ, മദ്യവ്യവസായ മേഖലയിലെ തൊഴിലാളി യൂണിയനുകൾ, പൊതുസമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ എന്നിവരിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ചു. ഇവ സർക്കാരിലും യുഡിഎഫിലും ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ നയത്തിന് രൂപം നൽകുക.
ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ നടപടി വിവാദമായതോടെയാണ് മദ്യനയം വീണ്ടും ചർച്ചയായത്. തുടർന്ന് എക്സൈസ് വകുപ്പ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മുൻ എൽഡിഎഫ് സർക്കാർ 2024-ൽ ഫോറിൻ ലിക്കർ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ലൈസൻസുള്ള ബേക്കറികൾക്കും ഷോപ്പിങ് സെന്ററുകൾക്കും ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയത്.
ചാലക്കുടിയിലെ സ്ഥാപനം ലൈസൻസ് നേടി വിൽപന ആരംഭിക്കാൻ തീരുമാനിച്ചതോടെയാണ് വിവാദമുണ്ടായത്. ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ സ്ഥലംമാറ്റി. സംഭവത്തിൽ എക്സൈസ് കമ്മീഷണർ വിശദമായ റിപ്പോർട്ടും മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.







Comments