
ആലക്കോട് (കണ്ണൂര്‍): മാനഭംഗത്തിനിരയായ ബുദ്ധിമാന്ദ്യമുള്ള നാല്‍പ്പതുകാരി പ്രസവിച്ചു. ആശാന്‍കവല മഞ്ഞുമലയിലെ നാല്‍പ്പതുകാരിയാണ് കഴിഞ്ഞദിവസം വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇ.കെ. സുരേഷ്(48) എന്നയാളെ ആലക്കോട് സി.ഐ: വി.പി. സുരേശന് അറസ്റ്റ് ചെയ്തു. യുവതി അവിവാഹിതയാണ്.
ഒന്‍പത് മാസം മുമ്പ് ക്ഷീരസംഘത്തില്‍ പാല്കൊടുത്ത് മടങ്ങുന്ന വഴിയില്‍ യുവതിയെ സുരേഷ് ആക്രമിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗം ചെയ്തെന്നാണ് പരാതി. സഹോദരന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചതോടെയാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്.
വിവരം ബന്ധുക്കള്‍ പോലീസിനെ അറിയിച്ചയുടന്‍ സുരേഷിനെ പിടികൂടുകയായിരുന്നു. തിരിച്ചറിയല്‍ പരേഡ് നടത്തിയശേഷമാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. നാല്പ്പതുകാരിയെയും പ്രസവിച്ച ആണ്‍കുഞ്ഞിനെയും തളിപ്പറമ്പ് ഗവ: ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.






