
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേരിട്ട കനത്ത പരാജയം പ്രശാന്ത് കിഷോര്‍ എന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കൂടി പരാജയമാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ പാളുന്ന കാഴ്ചയാണ് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും കണ്ടത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ് കൊണ്ടാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ലാലു-നിതീഷ് സഖ്യത്തിന് വേണ്ടി കിഷോര്‍ മെനഞ്ഞ തന്ത്രങ്ങളും വിജയം കണ്ടു. രണ്ട് തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്കരിച്ച പ്രശാന്ത് കിഷോറിന്റെ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ആശ്രയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ഉത്തരാഖണ്ഡിലെയും ഉത്തര്‍പ്രദേശിലെയും പാളിപ്പോയ തന്ത്രങ്ങള്‍ക്ക് ഇനി പ്രശാന്ത് കിഷോര്‍ മറുപടി പറയേണ്ടി വരും. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യം ക്ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയതും പിന്നീട് സമാജ്വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചതും പ്രശാന്ത് കിഷോറായിരുന്നു.
എന്നാല്‍ പെട്ടന്ന് രൂപീകരിച്ച സഖ്യം താഴേത്തട്ടില്‍ വിജയമായില്ല. ഒപ്പം സമാജ്വാദി പാര്‍ട്ടിക്കെതിരായ ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന് തിരിച്ചടിയായി. മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പോടെയാണ് പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ കോണ്‍ഗ്രസ് ഏല്‍പ്പിച്ചത്. പ്രശാന്ത് കിഷോറിനെതിരെ യു.പിയിലെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.
സമാജ്വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കണമെന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശത്തിനെതിരെ യു.പി പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബര്‍ തന്നെ രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന നിര്‍ദ്ദേശത്തോടും പ്രിയങ്ക ഗാന്ധി പ്രചരണത്തിന് നേതൃത്വം നല്‍കണമെന്ന നിര്‍ദ്ദേശത്തിനെതിരെയും പാര്‍ട്ടിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.






