
മൂന്നാര്‍: പള്ളിവാസലില്‍ അനധികൃത റിസോര്‍ട്ട് നിര്‍മാണം വ്യാപകമായി നടക്കുന്ന പുലിപ്പാറയില്‍ നിന്നും കൂറ്റന്‍ പാറകള്‍ ഇടിഞ്ഞു വീണു മൂന്നു ഇന്നോവ കാറുകള്‍ തകര്‍ന്നു. കാറില്‍ ഉറങ്ങിക്കിടന്നിരുന്ന ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച്ച രാത്രി നൂറടിയോളം ദൂരത്തു നിന്നും ഇടിഞ്ഞു വീണ കൂറ്റന്‍ പാറ മറ്റൊരു പാറയില്‍ ഇടിച്ചു ചിതറി പാറകള്‍ റിസോര്‍ട്ടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. പാറകള്‍ ഇടിഞ്ഞു വീണതില്‍ മൂന്നു ഇന്നോവ കാറുകളും പൂര്‍ണമായും തകര്‍ന്നു.
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഭാവമായി നിര്‍മിക്കുന്ന ടണലിന് സമീപം കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. കാറിനുള്ളില്‍ മുന്‍ സീറ്റില്‍ കിടന്നിരുന്ന പാലക്കാട് കൂട്ടനാട് സ്ദേശിയായ ചക്കേരത്ത് വളപ്പില്‍ വീട്ടില്‍ ഷമീര്‍(40)ആണ് അത്ഭുതകരമായി രക്ഷപെട്ടത്. കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസു തകര്‍ത്ത് പാറ കാറിനുള്ളിലേയ്ക്ക് വീണതോടെ പെട്ടെന്ന് ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. പള്ളിവാസല്‍ പുലിപാറയില് പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടായ പ്ലം ജൂഡിയിലേയ്ക്ക് സഞ്ചാരികളെ കൊണ്ടുവന്നതാണ് ഈ മൂന്നു ടാക്സി വാഹനങ്ങളും. സഞ്ചാരികളെ ഇറക്കിയ ശേഷം റിസോര്‍ട്ടിന് സമീപം കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗങ്ങളില്‍ ഉണ്ടായ കാട്ടു തീയും തുടര്‍ച്ചയായി മഴപെയ്തതും കാരണം ഇളകിയ പാറകള്‍ വീഴുകയായിരുന്നു. മൂന്നാറില്‍ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ ഉയരുന്നത് പരിശോധിക്കാന്‍ അഥോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സംഭവം. സര്‍ക്കാര്‍ ഭൂമിയില്‍ വ്യാജ രേഖ ചമച്ച് ഈ ഭാഗത്ത് വ്യാപക കെട്ടിട നിര്‍മാണങ്ങളാണ് നടന്നു വരുന്നത്. നിയമം ലംഘിച്ച് നിര്‍മാണം നടത്തുന്നവര്‍ക്കെതിരെ ദേവികുളം സബ്കലക്ടര്‍ നടപടി സ്വീകരിച്ചിരുന്നു.
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ടണലിന് സമീപം ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം മറികടന്നാണ് ഈ ഭാഗത്ത് ബഹു നിലക്കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയത്. ഈ റിസോര്‍ട്ടിന് സമീപത്തായി തന്നെ രണ്ടു വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണവും നടക്കുന്നുണ്ട്. സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.






