
മംഗലാപുരം : ദോഹയിലേയ്ക്ക് പുറപ്പെട്ട മലയാളി കുടുംബത്തെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും മടക്കി അയച്ചതായി പരാതി. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിയായ അബ്ദുള്‍ഖാദറിന്റെ ഭാര്യ ആയിഷയേയും മൂന്ന് മക്കളുമാണ് പാസ്പോര്‍ട്ട് വ്യക്തമല്ലെന്ന കാരണത്താല്‍ വിമാനത്താവളത്തില്‍ നിന്നും തിവിച്ചയച്ചത്. ഇതേതുടര്‍ന്ന് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സഹിച്ച കുടുംബം പിന്നീട് ഇതേ പാസ്പോര്ട്ടില് കോഴിക്കോടു വഴി ദോഹയില്‍ എത്തി.
ഖത്തറിലുള്ള ഭര്‍ത്താവ് അബ്ദുള്‍ ഖാദറിന്റെ അടുത്തേയ്ക്ക് ചെറിയ മൂന്ന് കുട്ടികളുമായി യാത്രയ്ക്കെത്തിയ യുവതിയ്ക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്തൃസഹോദരന്‍ അബൂതാഹറിനെയും വിമാനത്താവള ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി.
എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്ന് യുവതി പറയുന്നു. ഇതേതുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ടിനായി പാസ്പോര്‍ട്ട് ഓഫീസില്‍ എത്തിയെങ്കിലും പാസ്പോര്‍ട്ടിന് കുഴപ്പമില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടര്‍ന്ന് ഇതേ പാസ്പോര്ട്ടില് തന്നെ രണ്ടു ദിവസത്തിനുള്ളില്‍ കുടുംബം കോഴിക്കോട് വിമാനത്താവളം വഴി ദോഹയില്‍ എത്തി.






