
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ കുടലില്‍ ദ്വാരം വീണ യുവതി അതീവ ഗുരുതരാവസ്ഥയില്‍. ഇടുക്കി നാരകക്കാനം കാലായിപ്പറമ്പില്‍ അനിയുടെ ഭാര്യ രാജി(23)യെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 28 നാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. രണ്ടു ദിവസത്തിനു ശേഷം രാജിക്ക് ഹൃദയസ്പന്ദനം കൂടുതലാണെന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുതെന്നും പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച രാജിക്ക് തൊട്ടടുത്ത ദിവസം അടിയന്തര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെയാണ് കുടലിനു ദ്വാരമുള്ളതായി കണ്ടെത്തിയത്. ഇടുക്കി മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് കുടലില്‍ ദ്വാരം വീഴാന്‍ കാരണമെന്നു സംശയിക്കുന്നു.
ഗുരുതരാവസ്ഥയിലായ രോഗിക്ക് ആംബുലന്‍സ് നല്കാന് പോലും ഇടുക്കി മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറായിരുന്നില്ല. കൂലിപ്പണിക്കാരനായ അനി സുഹൃത്തിന്റെ വാഹനത്തിലാണ് രാജിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഇതിനിടെ അനിയുടെ അമ്മയെ ഹൃദ്രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൂലിപ്പണിക്കാരനായ അനി ഇതോടെ സാമ്പത്തിക ബാധ്യതയിലായി.
ഭാര്യയുടെ ചികിത്സ സുമനസുകളുടെ സഹായത്താലാണ് ഇതുവരെ നടത്തിയത്. രാജി ചികിത്സയിലായതോടെ പിഞ്ചുകുഞ്ഞിനു ഇതുവരെ മുലപ്പാല്‍ പോലും നല്‍കിയിട്ടില്ല. ഇപ്പോള്‍ പാല്‍പൊടിയാണ് നല്‍കുന്നത്.
ഡോക്ടറുടെ പിഴവുമൂലം രോഗി അതീവ ഗുരുതരാവസ്ഥയിലായിട്ടും സംഭവം മറച്ചുവയ്ക്കാനായും തുടര്‍നടപടി െവെകിപ്പിക്കാനുമാണ് ഇടുക്കി മെഡിക്കല്‍ കോളജ് അധികൃതര്‍ ശ്രമിച്ചതെന്നു പരാതിയുണ്ട്. നിയമ നടപടിക്ക് ഒരുങ്ങാനാണ് അനിയുടെ തീരുമാനം.






