
തൃശൂര്‍: ലക്കിടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് കസ്റ്റഡിയില. തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു കൃഷ്ണദാസ്.
കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്രയേയും കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. കോളജിലെ അനധികൃത പണപ്പിരിവിനെതിരെ പരാതിപ്പെട്ടതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിയായ സഹീറിന് മര്‍ദ്ദനം നേരിടേണ്ടിവന്നത്. 2016 ഒക്ടോബറിലാണ് അനധികൃത പണപ്പിരിവ് സംബന്ധിച്ച് സഹീര്‍ മുഖ്യമന്ത്രിക്കും ആദായ നികുതി അധികൃതര്‍ക്കും മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയത്.
സഹീറിന്റെ പരാതിയില്‍ കോളജ് അധികൃതരില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാല വിശദീകരണം തേടിയിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ കോളജില്‍ എത്തിയ സഹീറിനെ കോളജ് പ്രിന്‍സിപ്പലും മാനേജ്മെന്റ് പ്രതിനിധികളും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ചോദ്യം ചെയ്തു. കോളജില്‍ അനധികൃത പണപ്പിരിവ് നടന്നിട്ടില്ലെന്നും റാഗിംഗിന്റെ പേരില്‍ പിഴ ഈടാക്കിയതാണെന്നും എഴുതി നല്കാന് ആവശ്യപ്പെട്ടു. ഇതിനു വഴങ്ങാതിരുന്ന സഹീറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് സഹീര്‍ കോടതിയിലും മൊഴി നല്‍കിയിരുന്നു.






