
റാഞ്ചി: ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്ന ആയിരം പേരുണ്ടായേക്കാം. എന്നാല്‍ ജാര്‍ഖണ്ഡിലെ ഒരു മറൈന്‍ എഞ്ചിനീയര്‍ക്ക് പേര് പോലെ ഇപ്പോള്‍ പാരയായിരിക്കുന്ന മറ്റൊരു കാര്യമില്ല. ഇറാഖി ഭരണാധികാരി സദ്ദാം ഹുസൈനെ തൂക്കിലേറ്റി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പേരിന്റെ പാപഭാരം ഇയാളെ വേട്ടയാകുകയാണ്. പേരിലെ വിവാദം കാരണം ജോലി കിട്ടാതെ അഭിമുഖങ്ങളില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ പേര് മാറ്റാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നീതി ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ എത്തി.
'സദ്ദാം ഹുസൈന്' എന്ന പേരാണ് യുവാവിന് പാരയായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പേരിലുള്ള ഇറാഖി ഭരണാധികാരിയെ തൂക്കിലേറ്റിയെങ്കിലും അദ്ദേഹത്തിന്റെ പാപഭാരം ഇപ്പോള്‍ ഈ യുവാവാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. വിവാദ പേരു കാരണം ഇയാള്‍ പഠിച്ച സ്ഥാപനത്തിലെ രണ്ടാമത്തെ ബാച്ച് പഠിച്ചിറങ്ങിയിട്ടും ഇദ്ദേഹത്തെ ആരും ജോലിക്കെടുക്കുന്നില്ലത്രേ. ജംഷഡ്പൂരുകാരനായ ഇയാള്‍ രണ്ടു വര്‍ഷം മുമ്പാണ് തമിഴ്നാട്ടിലെ നൂറുല്‍ ഇസ്ളാം സര്‍വകലാശാലയില്‍ നിന്നും പാസ്സായി പുറത്തുവന്നത്. എന്നാല്‍ തൊഴിലിനു വേണ്ടിയുള്ള ഇദ്ദേഹത്തിന്റെ അലച്ചില്‍ ഇതുവരെ തീര്‍ന്നിട്ടില്ല. അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍ 40 തവണയാണ് ഇയാളുടെ ജോലിക്കുള്ള അപേക്ഷ നിരസിച്ചത്. തന്നെ ജോലിക്കെടുക്കാന്‍ മിക്കവരും ഭയക്കുന്നതായിട്ടാണ് യുവാവിന്റെ ആരോപണം.
അന്താരാഷ്ട്ര അതിര്‍ത്തികളില്‍ വരെ ജോലി ചെയ്യേണ്ടിയിരിക്കെ പേര് പലര്‍ക്കും ഭീതിയുളവാക്കുന്നു. കമ്പനികളുടെ ഈ നിലപാടിനോട് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റുകളും അനുകൂലിക്കുകയാണ്. വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യേണ്ടി വരുന്ന മേഖലയില്‍ മിക്ക കമ്പനികള്‍ക്കും ഇയാളെ സ്വതന്ത്രമായി വിടാന്‍ രാജ്യങ്ങള്‍ തയ്യാറാകുമോ എന്നാണ് സംശയം. ഇതേ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിക്കുന്നത്. മുത്തച്ഛനില്‍ നിന്നുമാണ് ഇയാള്‍ക്ക് ഈ പേര് കിട്ടിയത്. പേര് തലവേദനയാകുന്നു എന്ന് വന്നതോടെ സദ്ദാം ഹുസൈന് എന്നത് സാജിദ് ഹുസൈന് എന്നാക്കി മാറ്റാമോ എന്നാണ് യുവാവിന്റെ ആവശ്യം.
എന്നാല്‍ ഇതുവരെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. തന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇയാളുടെ എല്ലാ പേപ്പര്‍ വര്‍ക്കുകളിലും പേരു മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കിടക്കുകയാണ്. എന്നാല്‍ എല്ലാം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താതെ യൂണിവേഴ്സിറ്റി രേഖകളിലും മാറ്റം വരുത്താന്‍ കഴിയില്ല. കഴിഞ്ഞയാഴ്ച കേസ് കേള്‍ക്കന്നത് കോടതി മെയ് 5 ലേക്ക് മാറ്റിയിട്ടുണ്ട്.






