
സിനിമയില്‍ സജീവമായി വരുന്ന കാലം. മമ്മുക്ക നായകനായ ഒരു സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചു. കോഴിക്കോടാണ് ലൊക്കേഷന്‍. രാവിലെയാണ് എന്റെ പോര്‍ഷന്‍ ചിത്രീകരിക്കേണ്ടതെന്ന് അറിയിച്ചതിനാല്‍ തലേദിവസം തന്നെ ഹോട്ടലിലെത്തി.
പിറ്റേന്ന് രാവിലെ ലൊക്കേഷനിലെത്തുമ്പോള്‍ മമ്മുക്കയുടെ ഒരു സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ് സംവിധായകന്. ഒരുഭാഗത്ത് തിരക്കഥാകൃത്ത് ഇരിക്കുന്നുണ്ട്. വിഷ് ചെയ്തെങ്കിലും അദ്ദേഹം എന്നെ കാണാത്ത രീതിയില്‍ അവഗണിച്ചു.
ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷമാണ് ആ സിനിമയില്‍ എനിക്ക്. പന്ത്രണ്ട് മണിയായപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അടുത്തേക്കുവന്നു. സംഭാഷണം പഠിക്കാന്‍ വേണ്ടി സ്ക്രിപ്റ്റ് നീട്ടി. വേഷം ചെറുതാണെങ്കിലും നെടുനീളന്‍ ഡയലോഗുകളാണ്. അത് ബൈഹാര്ട്ടാക്കാന് ഒരു മണിക്കൂറെങ്കിലും വേണം.
''മേക്കപ്പിട്ട് നിന്നോളൂ. ബ്രേക്കിന് ശേഷം നമുക്ക് എടുക്കാം.''
അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞതോടെ ഞാന്‍ മേക്കപ്പ്മാന്റെ മുമ്പിലിരുന്നു. അതുകഴിഞ്ഞ് കോസ്റ്റിയൂമും ഇട്ടു. ഒരു ഭാഗത്തിരുന്ന് സ്ക്രിപ്റ്റ് ബൈഹാര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് തിരക്കഥാകൃത്ത് ഭക്ഷണം കഴിക്കാനായി വന്നിരുന്നത്.
''ആരാണാവോ ഈ മണികണ്ഠന്?''
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തിരക്കഥാകൃത്തിന്റെ ചോദ്യം. ഉടന്‍ തന്നെ ഞാന്‍ അടുത്തേക്കുചെന്ന് പരിചയപ്പെടുത്തി.
''രണ്ടുദിവസമായി ഈ പേര് പറഞ്ഞുകേള്‍ക്കുന്നു. ഏതോ മഹാനായ നടനാണെന്നാ വിചാരിച്ചത്.''
അദ്ദേഹത്തിന്റെ പരിഹാസം എനിക്കത്ര രസിച്ചില്ല.
''എപ്പോഴാ വന്നത്?''ഇന്നലെ വന്നു എന്ന് പറഞ്ഞപ്പോള്‍ മുഖത്ത് പുച്ഛഭാവം.
''ഞാനും ഈ കോഴിക്കോട്ട് തന്നെയുണ്ടായിരുന്നു. ഞാനാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്. അറിയാമോ?''
''അറിയാം സാര്‍. ഞാന്‍ രാവിലെ വന്നപ്പോള്‍ വിഷ് ചെയ്തിരുന്നു.''
ഞാന്‍ കണ്ടില്ലെന്ന് പറഞ്ഞ് അയാള്‍ മുഖം തിരിച്ചു.
''നിങ്ങള്‍ അഹങ്കാരം കാണിച്ചോ. അതിന് ഒരുപാട് വളരണം. മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപോ അഹങ്കാരം കാണിച്ചാല്‍ ക്ഷമിക്കാം. അത് ഞങ്ങളുടെ ഗതികേടാണ്.
പക്ഷേ നീയൊക്കെ കാണിക്കരുത്. കാരണം വളര്‍ന്നുവരുന്ന കലാകാരനാണ്. മറക്കേണ്ട.''
അയാള്‍ എന്നെ കുത്തിനോവിച്ചുകൊണ്ടേയിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ ഏതാണ്ട് ഇരുനൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വന്നിട്ടുണ്ട്. അവരുടെ മുമ്പില്‍ വച്ചായിരുന്നു തിരക്കഥാകൃത്തിന്റെ ഈ 'പ്രകടനം'.
എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാന്‍ അദ്ദേഹത്തോട് ഒരഹങ്കാരവും കാണിച്ചിട്ടില്ല. പക്ഷേ വന്നയുടന്‍ അദ്ദേഹത്തെ കണ്ട് സോപ്പടിക്കാനൊന്നും പോയിട്ടില്ല. അതുകൊണ്ടാവാം ഈ അസഹിഷ്ണുത.
അപ്പോഴേക്കും അസിസ്റ്റന്റ് ഡയറക്ടര്‍ വന്ന് ഡയലോഗ് പഠിക്കേണ്ട കാര്യം ഓര്‍മ്മിപ്പിച്ചു. ഇത് കേട്ടയുടന്‍ തിരക്കഥാകൃത്തിന്റെ ഭാവം മാറി. അയാള്‍ അസിസ്റ്റന്റിനോട് തട്ടിക്കയറി.
''താന്‍ തന്റെ പണിക്ക് പോ. ഇയാളെ ഞാന്‍ അഭിനയം പഠിപ്പിച്ചോളാം. ഞാന്‍ പറയുന്ന ഡയലോഗ് തെറ്റാതെ പറയാന്‍ കഴിയുമെങ്കില്‍ മാത്രം ഇയാള്‍ ഈ സിനിമയില്‍ അഭിനയിച്ചാല്‍ മതി. അല്ലെങ്കില്‍ അഭിനയിക്കാന്‍ വേറെ ആളുണ്ട്.''
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെല്ലാം എന്നെ ഏതോ വിചിത്രജീവിയെ കാണുന്നതുപോലെ നോക്കിക്കൊണ്ടിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല.
''ഓരോ നടന്മാര് ഇറങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊക്കെ വേറെ പണിക്ക് പോയിക്കൂടെ?''
ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ അദ്ദേഹം പിറുപിറുത്തു. ആ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ ഞാന്‍ മാനസികമായി തകര്‍ന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയം പഠിച്ച് പുറത്തിറങ്ങിയ ആളാണ് ഞാന്‍. നല്ല സിനിമകളെയും ചീത്ത സിനിമകളെയും തിരിച്ചറിയാന്‍ എനിക്കറിയാം.
അഭിനയത്തില്‍ ഞാനൊരു പുതുമുഖമേയല്ല. എട്ടുവര്‍ഷം മുമ്പാണ് 'മണ്‍കോലങ്ങള്‍' എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് ലാല്‍ജോസിന്റെയും സത്യന് അന്തിക്കാടിന്റെയുമൊക്കെ സിനിമകള്‍ ഉള്‍പ്പെടെ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു.
അങ്ങനെയുള്ള എന്നെയാണ് ഈ രീതിയില്‍ അപമാനിക്കുന്നത്. തല കുനിച്ചുകൊടുക്കാം. പക്ഷേ നിരങ്ങാന്‍ അനുവദിക്കില്ല. പുള്ളിയാകട്ടെ മലയാളസിനിമയിലെ അറിയപ്പെടുന്ന തിരക്കഥാകൃത്താണ്. എതിര്‍ത്ത് സംസാരിച്ചാല്‍ എന്റെ കഞ്ഞിയില്‍ പൂഴി വാരിയിടലാവും അത്.
അപ്പോള്‍ത്തന്നെ ഞാന്‍ മുഖത്തെ മേക്കപ്പ് കഴുകിക്കളഞ്ഞു. കോസ്റ്റിയൂംസ് ഊരി തിരിച്ചുകൊടുത്തു. നേരെ സംവിധായകന്റെ അടുത്തേക്കുചെന്നു.
''ഞാനിനി ഈ സിനിമയില്‍ അഭിനയിക്കുന്നില്ല.''
എന്തുപറ്റിയെന്ന് സംവിധായകന് ചോദിച്ചു.
''ഞാനിവിടെ വന്നതുമുതല്‍ തിരക്കഥാകൃത്ത് എന്നെ ചീത്ത വിളിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് കാര്യമെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണം.''
ഇതൊക്കെ കേട്ടുകൊണ്ട് തിരക്കഥാകൃത്ത് അവിടേക്ക് വന്നു. എന്തുപറ്റിയെന്ന് അദ്ദേഹം ഒന്നുമറിയാത്തമട്ടില്‍ ചോദിച്ചു.
''ഇത്രയുംനേരം എന്നെ ചീത്തവിളിക്കുകയായിരുന്നില്ലേ. അതുതന്നെ കാരണം.''
അദ്ദേഹം ഒന്നും മിണ്ടിയില്ല. ഞാന്‍ ബാഗുമെടുത്ത് പുറത്തിറങ്ങി. പിന്നാലെ ഒരു പയ്യന് വന്നു.
''ചേട്ടാ, വണ്ടിക്കൂലിയെങ്കിലും വാങ്ങിക്കണം.''
''ഞാന്‍ ജോലി ചെയ്തിട്ടില്ലല്ലോ. പിന്നെന്തിന് നിങ്ങളെനിക്ക് വണ്ടിക്കൂലി തരണം?'' എന്നുപറഞ്ഞുകൊണ്ട് ഞാന്‍ മുമ്പോട്ടേക്കുനടന്നു.
മനസ്സ് സങ്കടപ്പെട്ടുകഴിഞ്ഞാല് എനിക്ക് അഭിനയിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അതില്‍നിന്ന് കിട്ടുന്ന പതിനയ്യായിരം രൂപ വേണ്ടെന്നുവച്ചത്. ഞാന്‍ അഭിനയിക്കുന്നത് ബാങ്ക് ബാലന്‍സ് കൂട്ടാന്‍ വേണ്ടിയല്ല. അരി വാങ്ങിക്കാനാണ്. എന്നുവച്ച് എന്ത് അപമാനവും സഹിക്കാന്‍ കഴിയില്ലല്ലോ.






