
അഹമ്മദാബാദ്: ആണ്‍കുട്ടിയുണ്ടായില്ല എന്ന കാരണത്തിന് ഭര്‍ത്താവ് മുത്തലാക്ക് ഉപയോഗിച്ച് മൊഴിചൊല്ലി. ദരിയാപൂര്‍ നിവാസിയായ പൊഖ്റാജ് ബാനോ ഷഹ്നാവാസ് ഷെയ്ഖിനെയാണ് ഭര്‍ത്താവ് മൊഴിചൊല്ലിയത്. നാലാമത്തെ കുട്ടിയും പെണ്ണാണെന്ന് ലിംഗ നിര്‍ണ്ണയം നടത്തി തിരിഞ്ഞറിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രവും ചെയ്തു. ഭാര്യയെ കൊണ്ടുപോയി ലിംഗ നിര്‍ണ്ണയവും ഗര്‍ഭഛിദ്രവും നടത്തിയതിന് ഭര്‍ത്താവ് ഷഹ്നാവാസ് ഷെയ്ഖിനെതിരേ ദരിയാപൂര്‍ പോലീസ് സ്റ്റേഷനില്‍ കേസെടുത്തു.
തെറ്റിദ്ധരിപ്പിച്ചായിരുന്നു രണ്ടു കാര്യങ്ങളും ഷാനവാസ് ചെയ്തത്. പതിനാറും പതിനൊന്നും എട്ടും പ്രായത്തിലുള്ള മൂന്ന് പെണ്‍കുട്ടികള്‍ പൊഖ്റാജ് ബാനുവിനും ഷാനവാസിനും ഉണ്ട്. 2015 ല്‍ പൊഖ്റാജ് ബാനു വീണ്ടും ഗര്‍ഭിണിയാകുകയും ഷാനവാസ് ഭാര്യയുമായി ഗര്‍ഭത്തിലിരിക്കെ തന്നെ ലിംഗനിര്‍ണ്ണയം നടത്തുകയായിരുന്നു. രണ്ടാമതും പെണ്‍കുട്ടി പിറന്നത് മുതല്‍ ഭര്‍ത്താവിന് തന്നോട് ദേഷ്യം തുടങ്ങിയെന്നും ആണ്‍കുട്ടി പിറക്കാത്തതില്‍ എന്നും മദ്യപിച്ചെത്തി തന്നെ തല്ലുമായിരുന്നെന്നും പറഞ്ഞു. 2015 ഡിസംബറില്‍ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലിയതോടെ പൊഖ്റാജ് ബാനുവിന്റെ ജീവിതം വീണ്ടും ദുഷ്ക്കരമായി.
പ്രായമായ പിതാവായിരുന്നു അതിന് ശേഷം പൊഖ്റാജ് ബാനുവിനും മക്കള്‍ക്കും ആശ്രയം. എന്നാല്‍ അദ്ദേഹം കൂടി മരിച്ചതോടെ കാര്യങ്ങള്‍ ദുരിതമായി. പിതാവ് മകളുടെ പേരില്‍ വസ്തു എഴുതിവെച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ കൂടി ഈ യുവതിയുടെ തലയിലായി. സാമ്പത്തിക ഞെരുക്കം അധികരിച്ചതോടെ നന്നായി പഠിച്ചിരുന്ന മക്കളുടെ പഠനവും മുടങ്ങി. ആറു മാസം ഫീസ് മുടങ്ങിയതോടെ കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കി. പത്താം ക്ളാസ്സില്‍ ആദ്യ ടേമില്‍ 82 ശതമാനം മാര്‍ക്ക് നേടി ജയിച്ചയാളാണ് മൂത്തകുട്ടി ഖുശ്ബു.
എന്നാല്‍ ഒമ്പതാം ക്ളാസ്സില്‍ ഫീസ് നല്കാത്തതിനാല് സെക്കന്റ് ടേമില്‍ ക്ളാസ്സില്‍ കയറ്റിയില്ല. അതിനിടയില്‍ പെണ്‍കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനും ഗ്രാജ്വേഷന് വരെ പഠിപ്പിക്കാന്‍ സുഹൃത്തുക്കള്‍ കൈകോര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.






