
മൂന്നാര്‍ എം.എല്‍.എ എസ്.രാജേന്ദ്രന് താമസിക്കുന്നത് കൈയേറ്റ ഭൂമിയിലെന്ന് ലാന്‍ഡ് റവന്യൂകമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതേ സമയം താന്‍ താമസിക്കുന്ന ഭൂമിയുടെ പട്ടയവുമായി രാജേന്ദ്രന് വാര്‍ത്താ സമ്മേളനത്തിനെത്തി. കെ.എസ്.ഇ.ബി വക സ്ഥലം രാജേന്ദ്രന് സ്വന്തമാക്കിയെന്ന് മൂന്നു പേജ് വരുന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പിന്നാലെയാണ് രാജേന്ദ്രനും, സി.പി.എം. ജില്ലാസെക്രട്ടറി കെ.കെ.ജയചന്ദ്രനുമുള്പ്പടെയുള്ളവര് വാര്‍ത്ത സമ്മേളനം നടത്തിയത്. ഇക്കാനഗറില്‍ താന്‍ താമസിക്കുന്ന വീടിരിക്കുന്ന എട്ടുസെന്റ് സ്ഥലത്തിനു പട്ടയമുണ്ടെന്ന് രാജേന്ദ്രന് പറഞ്ഞു.
എന്നാല്‍ എന്നുകൂടിയ അസൈന്മെന്റ് കമ്മിറ്റിയാണ് പട്ടയം നല്‍കിയത് എന്ന ചോദ്യത്തിന് ഓര്മയില്ലന്നായിരുന്നു എം.എല്‍.എയുടെ മറുപടി. 2001-ലാണ് പട്ടയത്തില്‍ തഹസീല്ദ്ദാര് ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ 2000ത്തിനു ശേഷം ലാന്‍ഡ് അസൈന്റ്മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്ന് വിവരാവകാശരേഖയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ എം.എല്‍.എ തയാറായില്ല. പട്ടയം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നില നില്‍ക്കുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
അതിനിടെ രാജേന്ദ്രനെ വിമര്‍ശിച്ച ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി കെ.ജെ ജയചന്ദ്രന് രംഗത്ത് വന്നു. എസ്. രാജേന്ദ്രനെതിരായ റിപ്പോര്‍ട്ട് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തേതാണെന്ന് ജയചന്ദ്രന് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ മൂന്നാര്‍ ദൗത്യം അട്ടിമറിച്ചിട്ടും വി.എസ് ഇടപെട്ടില്ല. അന്ന് മൂന്നാര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകാതിരുന്ന വി.എസാണ് ഇപ്പോള്‍ മൂന്നാര്‍ സന്ദര്ശിക്കാനൊരുങ്ങുന്നതെന്ന് ജയചന്ദ്രന് വിമര്‍ശിച്ചു.






