തൊടുപുഴ: വനാവകാശം സംരക്ഷിക്കണമെന്നും ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസികള്‍ നില്‍പ്പ് സമരത്തിലേയ്ക്ക്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഇടുക്കി കലക്ടറേറ്റിനു മുന്നിലാണ് അനിശ്ചിതകാല നില്‍പ്പ് സമരം ആരംഭിക്കുന്നത്.
വനഭൂമിയിലുള്ള ആദിവാസികളുടെ പാരമ്പര്യാവകാശം 2006 ല്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. വനാവകാശമുള്ള ഭൂമിയിലെ കൈയേറ്റങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കുന്ന നിയമത്തില്‍ പ്രത്യേക വകുപ്പും ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വനാവകാശമുള്ള ഭൂമിയില്‍ വ്യാപക കൈയേറ്റം തുടരുന്നു എന്നാരോപിച്ചാണ് ആദിവാസികള്‍ നില്പ്പു സമരത്തിലേയ്ക്ക് നീങ്ങിയത്്. ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ ഇവരെ കബളിപ്പിച്ചും മറ്റും വ്യാപക കൈയേറ്റം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദിവാസി സെറ്റില്‍മെന്റില്‍ നിന്ന് കൈയേറ്റങ്ങള്‍ ഒഴിവാക്കുക, കൈയേറിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കുക, ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഗേത്രമഹാസഭാ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന് അറിയിച്ചു.






