
ന്യൂഡല്‍ഹി: മദ്യപിച്ച് ട്രെയിനോടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഈ വര്‍ധന ഉണ്ടായത്. മദ്യപിച്ചതായി തെളിഞ്ഞവരില്‍ ഭൂരിപക്ഷവും യാത്രയ്ക്ക് ശേഷമാണ് പരിശോധന വിധേയരായത്. അതായത് ആയിരക്കണക്കിന് യാത്രക്കാരുമായി അവര്‍ ട്രെയിനോടിച്ചത് മദ്യലഹരിയിലായിരുന്നെന്ന് സാരം. കഴിഞ്ഞ ഒരു വര്‍ഷം മാത്രം മദ്യപിച്ച് ട്രെയിനോടിച്ച് പിടിക്കപ്പെട്ട ലോക്കോ പൈലറ്റുമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന 50 ശതമാനമാണ്.
മദ്യപിച്ചതിന് പിടിയിലായവരില്‍ പാസഞ്ചര്‍ ട്രെയിനുകളുടെയും ദീര്‍ഘദൂര ട്രെയിനുകളുടെയും ചരക്ക് തീവണ്ടികളുടെയും ലോക്കോ പൈലറ്റുമാരുണ്ട്. സെക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിലാണ് ഏറ്റവുമധികം ലോക്കോ പൈലറ്റുമാര്‍ മദ്യപിച്ചതിന് പിടിയിലായത്. 75 പേര്. 45 പേര് പിടിയിലായ അംബാല ഡിവിഷനാണ് രണ്ടാം സ്ഥാനത്ത്. ജനശദാബ്ദിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെയാണ് അംബാല ഡിവിഷനിലെ പരിശോധനയില്‍ പിടിയിലായത്.
അതേസമയം ലോക്കോ പൈലറ്റുമാരുടെ മദ്യപാനം അപകടകാരണമായതായി റിപ്പോര്‍ട്ടുകളില്ല. പ്രതിദിനം 15000 സര്‍വീസുകളാണ് റെയില്‍വേ നടത്തുന്നത്. അതുമായി താരതമ്യം ചെയ്താല്‍ മദ്യലഹരിയില്‍ പിടിയിലാകുന്ന ഡ്രൈവര്‍മാരുടെ നിരക്ക് അവഗണിക്കാവുന്നതേയുള്ളൂവെന്ന് റെയില്‍വേ ബോര്‍ഡ് അംഗം പറഞ്ഞു. എങ്കിലും 1000-1200 പേര് യാത്ര ചെയ്യുന്ന ട്രെയിന്‍ ഉണ്ടാകുന്ന ഒരു അപകടം പോലും വന്‍ ദുരന്തമാകുമെന്നും ബോര്‍ഡംഗം കൂട്ടിച്ചേര്‍ത്തു.







Comments