
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരായ പോലീസ് അതിക്രമത്തില്‍ ജെ.എന്‍.യുവില്‍ പ്രതിഷേധം. ക്യാംപസില്‍ കേരള പോലീസിന്റെ കോലം കത്തിച്ച വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസുനുമെതിരെ പ്രതിഷേധ പ്രകടനവും നടത്തി. സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കല്‍. വ്യാഴാഴ്ച രാത്രി 9.30ന് ക്യാംപസിലെ സമബര്‍മതി ഡാബയ്ക്കടുത്താണ് പ്രതിഷേധം നടന്നത്.
എ.ഐ.എസ്.എഫിന് പുറമെ ഉമര്‍ ഖാലിദിന്റെയും അനിര്‍ബെന്‍ ഭട്ടാചാര്യയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ഭഗത് സിംഗ് അംബേദ്കര്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷനും പ്രതിഷേധത്തില്‍ പങ്കെടുത്തു. നജീബിന്റെയും രോഹിത് വെമുലയുടെയും അമ്മയ്ക്കെതിരെ നടന്ന രീതിയിലുള്ള പോലീസ് അതിക്രമം ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകാന്‍ പാടില്ലായിരുന്നെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ജിഷ്ണുവിന്റെ അമ്മയ്ക്കെതിരെ അതിക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജെ.എന്‍.യുവിലെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷനും പ്രതിഷേധിച്ചു.







Comments